മാലിന്യ സംസ്കരണം- പുതിയ പദ്ധതിയുമായി കോര്‍പ്പറേഷന്‍

Kannadiparamba online news

മാലിന്യ സംസ്കരണ രംഗത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കിയ കോര്‍പ്പറേഷന്‍ ജൈവമാലിന്യ സംസ്കരണത്തിനും സംവിധാനമൊരുക്കുന്നു. ഹോട്ടലുകളില്‍ നിന്നും ഓഡിറ്റോറിയങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ഇപ്പോള്‍ പന്നി ഫാമുകളാണ് ശേഖരിക്കുന്നത്. ആയതിന് നല്ലൊരു തുക ഫീ ആയി ഇവർ ഈടാക്കുന്നുമുണ്ട്. ഇത് ഒരു അംഗീകൃത സംവിധാനത്തിന്‍റെ ഭാഗമല്ല. എന്നാല്‍ ആധികാരികമായി ഫാം നടത്തുന്നവരുമായി എഗ്രിമെന്‍റ് വെച്ചിട്ടാണ് മാലിന്യം കൈമാറുന്നത്. ഈ സംവിധാനത്തിന് പകരമെന്നോണം കോര്‍പ്പറേഷന്‍ തന്നെ മുന്‍കൈ എടുത്ത് വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും ജൈവമാലിന്യങ്ങള്‍ ശേഖരിച്ച് വളമാക്കി മാറ്റുന്ന പദ്ധതിക്കാണ് ആരംഭം കുറിക്കുന്നത്. ആയതിന്‍റെ ഭാഗമായി പ്ലാന്‍റ് നടത്തിപ്പിനായി സ്വകാര്യ കമ്പനിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. നിലവില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കോഴിക്കടകളില്‍ നിന്നുള്ള വേസ്റ്റുകള്‍ ഇതേ രീതിയില്‍ ശേഖരിച്ച് റെന്‍ഡറിംഗ് പ്ലാന്‍റുകള്‍ കൊണ്ട് പോയി പ്രോസസ് ചെയ്യുകയാണ്. ഇതേ സംവിധാനത്തോടെയാണ് ജൈവമാലിന്യവും ശേഖരിക്കുന്നത്. മാലിന്യം ശേഖരിക്കുന്നതിന്‍റെ തൂക്കത്തിനനുസരിച്ച് ഉടമകള്‍ ഫീസുകള്‍ നല്‍കണം. ആയതിന്‍റെ ആനുപാതികമായി നിശ്ചിത തുക കമ്പനി കോര്‍പ്പറേഷന് നല്‍കും. യൂസർ ഫീ സംബന്ധിച്ച് തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റി ചർച്ച ചെയ്ത് അന്തിമമാക്കും. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട ബൈലോ തയാറാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ സംവധാനം നടപ്പാക്കുന്നതോടെ ചെറിയ കവറുകളിലാക്കി മാലിന്യങ്ങള്‍ റോഡരുകില്‍ തള്ളുന്നതിന് അവസാനമാകുമെന്ന് മേയര്‍ പറഞ്ഞു. ഇതോടൊപ്പം തന്നെ ഡയപ്പറുകള്‍ സംസ്കരിക്കുന്നതിനുള്ള നാപ്കിന്‍ ഇന്‍സിനേറ്ററിന്‍റെ പ്രവൃത്തിയും അവസാനഘട്ടത്തിലാണ്. ഇത് കൂടി പ്രാവര്‍ത്തികമാകുന്നതോടെ മാലിന്യങ്ങള്‍ യഥാവിധി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സംവിധാനം പൂര്‍ത്തിയാകുമെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു. നിലവിൽ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വീടുകളിലും റിംഗ് കമ്പോസ്റ്റ്, ബയോ ബിൻ എന്നിവയുടെ വിതരണം നടക്കുന്നുണ്ട്. അപേക്ഷിക്കുന്ന മുഴുവൻ പേർക്കും ഇത് നൽകുന്നതിന് നടപടി സ്വീകരിക്കും. പുതിയ ബസ്റ്റാൻ്റിലെ അനധികൃത നിർമ്മാണം കോർപ്പറേഷൻ്റെ ഇടപെടലിൽ കെട്ടിട ഉടമ സ്വമേധയ പൊളിച്ചിട്ടുണ്ട്. ബാക്കിയുള്ള ഭാഗം കൂടി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനും പ്രസ്തുത സ്ഥലം വഴി ആയി ഉപയോഗിക്കുന്നതിന് സ്ലാബ് നിർമ്മിക്കുന്നതിന് പദ്ധതി രൂപീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കൗണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ.പി ഇന്ദിര, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ രാഗേഷ്, പി ഷമീമ, എം പി രാജേഷ്, വി കെ ശ്രീലത, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, മുന്‍ മേയര്‍ ടി ഒ മോഹനന്‍, കൗണ്‍സിലര്‍മാരായ കെ പി അബ്ദുള്‍ റസാഖ് , കെ എം സാബിറ ടീച്ചര്‍, ടി രവീന്ദ്രന്‍, കെ പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന്‍റെയും മുന്‍ മന്ത്രിയും കെ പി സി സി മുന്‍ പ്രസിഡന്‍റുമായിരുന്ന സി വി പത്മരാജന്‍റെയും മുന്‍ എം പി യും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന തെന്നല ബാലകൃഷ്ണപ്പിള്ളയുടെയും വിയോഗത്തില്‍ കൗണ്‍സില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!