പയ്യന്നൂര്‍: രാമന്തളി പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിനു പോയ ചെറുതോണി അപകടത്തിൽപ്പെട്ടു. ഒരാളെ കാണാതായി. പയ്യന്നൂര്‍ പുഞ്ചക്കാട് താമസിക്കുന്ന എന്‍.പി. അബ്രഹാമിനെ(52)യാണ് കാണാതായത്. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം. വിവരമറിഞ്ഞ് കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സുമെന്റും പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി കാണാതായ തൊഴിലാളിക്കായി തെരച്ചില്‍ തുടരുന്നു.
പുലർച്ചെ ഒരു മണിയോടെ ചൂട്ടാട് ഭാഗത്തേക്ക് വീശിയശക്തമായ കാറ്റിൽ തിരമാലകളില്‍പെട്ട് തോണി മറിഞ്ഞാണ് അപകടം. പുഞ്ചക്കാട് സ്വദേശികളായ അബ്രഹാം, വര്‍ഗീസ് എന്നിവരാണ് തോണിയിലുണ്ടായിരുന്നത്. വേലിയേറ്റം തുടങ്ങുന്ന സമയം നോക്കി പാലക്കോട് അഴിമുഖത്തിന് സമീപംവല വലിക്കുന്നതിനിടയിലെത്തിയ ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു. കടലിലേക്കൊഴുകിപ്പോയ തോണിയില്‍ രണ്ടുപേരും പിടിച്ചു തോണി നിവര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ അബ്രഹാം പറഞ്ഞതനുസരിച്ച് നീന്തി രക്ഷപ്പെടുകയായിരുന്നുവെന്ന് നീന്തി രക്ഷപ്പെട്ട വര്‍ഗീസ് പറയുന്നു.
നീന്തി കരക്കുകയറിയ വര്‍ഗീസ് തീരത്ത് അടുത്തു താമസിക്കുന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പഴയങ്ങാടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളും സുഹൃത്തുക്കളും പുലർച്ചെ തെരച്ചില്‍ ആരംഭിച്ചത്. ഫൈബര്‍ തോണി കമിഴ്ന്നുകിടക്കുന്നതിനാലും ഘടിപ്പിച്ചിട്ടുള്ള യമഹ എഞ്ചിന്റെ ഭാരമുള്ളതിനാലും കാറ്റടിച്ചാലും കടലിലൂടെ അധികദൂരത്തേക്ക് പോകാനുള്ള സാധ്യതയില്ലെന്ന മത്സ്യ തൊഴിലാളികളുടെ നിഗമനത്തിലായിരുന്നു തെരച്ചില്‍. വിവരമറിഞ്ഞയുടന്‍ കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സുമെന്റും സ്ഥലത്തെത്തി നടത്തിയ തെരച്ചിലില്‍ രാവിലെ പത്തരയോടെ തോണി കണ്ടെത്തി. പുതിയങ്ങാടി ഹാര്‍ബറിന് സമീപം കടലിലാണ് തോണി കണ്ടെത്തിയത്. ശക്തമായ കടല്‍ക്ഷോഭമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് തോണിക്കടുത്തേക്കെത്തുവാന്‍ കഴിയാത്ത അവസ്ഥയാണ്. തോണി കണ്ടെത്തിയെങ്കിലും മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയിട്ടും തൊഴിലാളിയെ കണ്ടെത്താനാകാതെ ആശങ്കയിലാണ് പ്രദേശവാസികൾ.