വെള്ളൂർ.വീടുകളിൽ നിന്നും കുട്ടികൾ നിർമ്മിച്ച ബൾബുകൾ ഇനി തെളിയും.ക്ലാസ്സ് റൂം പഠനത്തിനോടൊപ്പം കുട്ടികൾക്ക് സാങ്കേതിക പരിശീലനം കൂടി നൽകി ശാസ്ത്ര പഠനത്തിൻ്റെ പ്രായോഗികത തിരിച്ചറിയുന്നതിനും, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതുവഴി ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ വെള്ളൂരിൽ തുടക്കമിട്ട പദ്ധതിയാണ് തംപ്സ് അപ് .
പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനമായി എൽഇഡി ബൾബ് നിർമാണത്തിൽ പരിശീലനം നൽകി. നെരുവമ്പ്രം ടെക്നിക്കൽ സ്കൂളിലെ വർക്ക്ഷോപ്പ് ഹെഡും, എനർജി മാനേജ്മെൻ്റ് സെൻ്റർ കേരളയുടെ റിസോഴ്സ് പേഴ്സണുമായ
സുധീർകുമാർ ആണ് പരിശീലകൻ. ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യവും ഊർജ്ജ ഉപയോഗം കുറക്കാനുള്ള വഴികളെക്കുറിച്ചും ക്ലാസ് നടന്നു. ഊർജ്ജ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി ചിലവ് കുറഞ്ഞ രീതിയിൽ എൽഇഡി ബൾബുകൾ നിർമ്മിക്കുന്നതിലാണ് സ്കൂൾ എൻജിനീയറിങ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. പങ്കെടുത്ത ഓരോ വിദ്യാർത്ഥിയും സ്വന്തമായി എൽഇഡി ബൾബുകൾ നിർമ്മിച്ചു.
പ്രധാന അധ്യാപിക ദീപ ടീച്ചർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സ്മിത, ഷീബ, സുമൻലാൽ എന്നിവർ നേതൃത്വം നൽകി. സ്റ്റുഡൻറ് കോഡിനേറ്റർ നക്ഷത്ര പ്രമോദ് നന്ദി പറഞ്ഞു.
സ്വന്തമായി നിർമിച്ച എൽഇഡി ബൾബുകളുമായാണ് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയത്. ആത്മവിശ്വാസം വർധിപ്പിച്ചുകൊണ്ട് സ്വന്തമായി നിർമ്മിച്ച ബൾബുകൾ ഇനി വീടുകളിൽ പ്രകാശം പരത്തും. പദ്ധതി കൂടുതൽ കുട്ടികളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ എൻജിനീയറിങ് ഗ്രൂപ്പ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

