കണ്ണൂർ: ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി കമ്പിൽ ടൗണിൽ നടത്തിയ മിന്നൽ റെയ്ഡിൽ വൻ മയക്കുമരുന്ന് വേട്ട. ബി.ആർ. ലേബാൻ എന്ന കടയുടെ ഉടമയായ പെരുമാച്ചേരി കോട്ടപോയിൽ ബാദുഷയെ (32) 473 ഗ്രാം എം.ഡി.എം.എ.യുമായി കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സുഹൈൽ പി.പി., ഗണേഷ് ബാബു പി.വി. എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കുറച്ചുകാലമായി പ്രതി എക്സൈസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. കടയിൽ നടത്തിയ പരിശോധനയിൽ 462 ഗ്രാം എം.ഡി.എം.എ.യും, തുടർന്ന് പ്രതിയുടെ ബാലെനോ കാർ പരിശോധിച്ചതിൽ 11 ഗ്രാം എം.ഡി.എം.എ.യും ഉൾപ്പെടെ ആകെ 473 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. കമ്പിൽ മേഖലയിൽ മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായ ബാദുഷയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) പുരുഷോത്തമൻ സി., രാജേഷ് ശങ്കർ, അജിത്ത് സി., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈൽ പി.പി., സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി., സുജേഷ് എം.വി., ജിജീഷ് സി., രതിക എ.വി. എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. സംഭവത്തിൽ കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിൽ ക്രൈം നമ്പർ 72/2026 ആയി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ണൂർ ജെ.എഫ്.സി.എം. III കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര എൻ.ഡി.പി.എസ്. കോടതിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

