പാപ്പിനിശ്ശേരി തുരുത്തിയില്‍ കല്ലുമ്മക്കായ വിളവെടുപ്പ്

Kannadiparamba online news

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ കല്ലുമ്മക്കായ കൃഷിയുടെ ജില്ലാതല വിളവെടുപ്പ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി തുരുത്തിയില്‍ നടന്ന പരിപാടിയില്‍ വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.സി ജംഷീറ അധ്യക്ഷയായി.

കല്ലുമ്മക്കായ കൃഷി മുഖേന തീരദേശ മേഖലയിലെ മത്സ്യകര്‍ഷക കൂട്ടായ്മകള്‍ക്ക് സ്ഥിരവരുമാനവും സ്വയംതൊഴില്‍ സാധ്യതകളും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 150 യൂണിറ്റുകള്‍ക്കായി ഒന്‍പത് ലക്ഷം രൂപയാണ് 2025-26 വര്‍ഷം വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ആകെ അടങ്കല്‍ 22,50,000 രൂപയാണ്. ഇതില്‍ 8,40,000 രൂപ വികസനഫണ്ടും 14,10,000 രൂപ ഗുണഭോക്തൃ വിഹിതവുമാണ്. യൂണിറ്റ് കോസ്റ്റ് 15,000 രൂപയും സബ്‌സിഡി 6,000 രൂപയുമാണ്.

നാല് എസ്.സി വിഭാഗം ഉള്‍പ്പെടെ ജില്ലയില്‍ ആകെ 28 ഗ്രൂപ്പുകളെയാണ് പദ്ധതിക്ക് തെരഞ്ഞെടുത്തത്. പൊതുജലാശയങ്ങളില്‍ 5:5 മീറ്റര്‍ വിസ്തൃതിയില്‍ മുള കൊണ്ട് റാക്ക് നിര്‍മിച്ച്, ഒരു മീറ്റര്‍ നീളമുള്ള കമ്പക്കയറുകളില്‍ കല്ലുമ്മക്കായ വിത്ത് തുന്നിപ്പിടിപ്പിച്ച് റാക്കുകളില്‍ കെട്ടിവെച്ചാണ് കൃഷി നടത്തുന്നത്. ഇത്തരത്തിലുള്ള 100 കയറുകള്‍ ഒരു യൂണിറ്റായി കണക്കാക്കി, ഗ്രൂപ്പുകള്‍ക്ക് പരമാവധി നാല് യൂണിറ്റ് വരെ സബ്‌സിഡി അനുവദിക്കുന്നു. മൂന്നു മുതല്‍ അഞ്ച് മാസമാണ് കൃഷിയുടെ വളര്‍ച്ചാകാലം. നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന കൃഷി വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ഒരു കയറില്‍ നിന്നും ഏഴ് മുതല്‍ പത്ത് കിലോ വരെ വിളവെടുപ്പ് ലഭിക്കും.

വളപട്ടണം പുഴയില്‍ കൃഷി നടത്തുന്ന എസ്.ആര്‍ കല്ലുമ്മക്കായ ഗ്രൂപ്പും എഫ്.എം ഗ്രൂപ്പും ചേര്‍ന്നാണ് ജില്ലാതല വിളവെടുപ്പ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി മോഹന്‍ ആദ്യവില്‍പ്പന നടത്തി. വളപട്ടണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ശില്‍പ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.വി പവിത്രന്‍, കെ.വി ഷക്കീല്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.കെ അന്‍സില, പഞ്ചായത്തംഗം വി നാരായണി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ജുഗ്നു, അഴീക്കോട് മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അരുണ്‍ സുരേഷ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര്‍ എസ് അഖില്‍ എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!