മയ്യിൽ: റോഡരികിൽ മാലിന്യം തള്ളിയതിനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിച്ചതിനും മയ്യിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 10,000 രൂപ പിഴ ഈടാക്കി. ഒറപ്പടി – എരഞ്ഞിക്കടവ് റോഡിൽ പൊതുവഴിയരികിലും ആളൊഴിഞ്ഞ പറമ്പിലും മാലിന്യങ്ങൾ തള്ളിയ മൂന്ന് പേരിൽ നിന്നും, മാലിന്യം കത്തിച്ച ഒരാളിൽ നിന്നുമായി 2500 രൂപ വീതമാണ് സ്പോട്ട് ഫൈനായി ഈടാക്കിയത്.
ഡയപ്പറുകൾ, പ്ലാസ്റ്റിക് കവറുകൾ, പഴയ തുണികൾ എന്നിവയുൾപ്പെടെയുള്ള മാലിന്യങ്ങളാണ് പ്രദേശത്ത് തള്ളിയിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപവാസികളായ ഹംസ കെ.പി, സഫീറ കെ.കെ.പി, കെ.ഒ. കുഞ്ഞിരാമൻ എന്നിവരാണ് മാലിന്യം തള്ളിയതെന്ന് കണ്ടെത്തുകയും, ഇവരെ സംഭവസ്ഥലത്ത് വിളിച്ചുവരുത്തി മാലിന്യങ്ങൾ തിരികെ എടുപ്പിക്കുകയും ചെയ്തു. ഇതിന് പുറമെയാണ് മൂവരിൽ നിന്നും 2500 രൂപ വീതം പിഴ ഈടാക്കിയത്.
റോഡരികിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് സുബീന കെ.പി എന്നവരിൽ നിന്നും 2500 രൂപ പിഴ ഈടാക്കി. ഒറപ്പടി എരഞ്ഞിക്കടവ് റോഡിൽ പലയിടങ്ങളിലായി മാലിന്യങ്ങൾ തള്ളുന്നത് പതിവാണെന്ന് പ്രദേശവാസികൾ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി.കെ, മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് വിനോദ് ടി.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

