സിപിഎം കള്ളപ്രചാരണങ്ങൾക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് കണ്ണൂർ കോർപ്പറേഷനിലെ യുഡിഎഫ് വിജയം: യുഡിഎഫ്

Kannadiparamba online news
Screenshot

കണ്ണൂർ:

കണ്ണൂർ കോർപ്പറേഷൻ ഭരണസമിതിക്കെതിരെ തെരഞ്ഞെടുപ്പ് കാലത്തും അതിന് മുമ്പും സിപിഎം നിരന്തരം നടത്തിയ കള്ളപ്രചാരണങ്ങൾക്കുള്ള ജനങ്ങളുടെ ശക്തമായ തിരിച്ചടിയാണ് കോർപ്പറേഷനിൽ യുഡിഎഫ് നേടിയ മിന്നുന്ന വിജയമെന്ന് യുഡിഎഫ് നേതൃത്വം. സിപിഎമ്മിനെ പേരെടുത്ത് വിമർശിച്ചുകൊണ്ടാണ് യുഡിഎഫ് കണ്ണൂരിൽ നടത്തിയ പത്രസമ്മേളനം.

കോർപ്പറേഷനിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ ഒരുവശത്ത് പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് സമരങ്ങൾ സംഘടിപ്പിക്കുകയും, മറുവശത്ത് സർക്കാർ അധികാരങ്ങൾ ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭരണസംവിധാനത്തെ ഞെരുക്കുകയും ചെയ്ത് വികസന–ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനായിരുന്നു സിപിഎം ശ്രമിച്ചതെന്ന് നേതാക്കൾ ആരോപിച്ചു. എന്നാൽ ഇതെല്ലാം അതിജീവിച്ചാണ് 700 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ കോർപ്പറേഷൻ നടപ്പിലാക്കാൻ കഴിഞ്ഞതെന്നും, ആ പ്രവർത്തനങ്ങൾ അക്കമിട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ ജനങ്ങൾ അത് പൂർണമായി സ്വീകരിച്ചതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും യുഡിഎഫ് വ്യക്തമാക്കി.

കോർപ്പറേഷൻ നടപ്പാക്കിയ ഓരോ വികസന പദ്ധതിയിലും കുറ്റവും കുറവും കണ്ടെത്തി അവയെ വികലമായി അവതരിപ്പിക്കാനായിരുന്നു സിപിഎം ശ്രമിച്ചതെന്ന് യുഡിഎഫ് പറഞ്ഞു. അധികാരവും സാമ്പത്തിക ശേഷിയും ഉപയോഗിച്ച് എഐ വീഡിയോകൾ ഉൾപ്പെടെ പുറത്തിറക്കി ‘കണ്ണൂരിനെ സിംഗപ്പൂരാക്കും’ എന്ന പ്രചാരണവുമായി ഇറങ്ങിയ സിപിഎം ജില്ലാ സെക്രട്ടറി സ്വന്തം പഞ്ചായത്തിലും വാർഡിലും പോലും ദയനീയമായി പരാജയപ്പെട്ട കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

ബിജെപി, എസ്.ഡി.പി.ഐ. തുടങ്ങിയ വർഗീയ കക്ഷികളുമായി സിപിഎം രഹസ്യ ധാരണകൾ ഉണ്ടാക്കിയെന്നതും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ നിരവധി വാർഡുകളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അവസ്ഥയുണ്ടായെന്നും, സിപിഎം “പാർട്ടി ഗ്രാമങ്ങൾ” എന്ന് അവകാശപ്പെടുന്ന വാർഡുകളിലും കനത്ത പരാജയം നേരിട്ടെന്നും അവർ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ സീറ്റ് എണ്ണം ഒന്നിൽ നിന്ന് നാലായി ഉയർന്നതിൽ സിപിഎമ്മിന്റെ ‘സംഭാവന’യുണ്ടെന്ന് യുഡിഎഫ് ആരോപിച്ചു. കഴിഞ്ഞ തവണ സിപിഎം ജയിച്ച കൊക്കൻപാറ ഡിവിഷനിൽ ഇത്തവണ ബിജെപി വിജയിക്കുകയും സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ബിജെപി വിജയിച്ച നാല് വാർഡുകളിലും സിപിഎമ്മിന്റെ വോട്ടുകൾ വലിയ തോതിൽ ഒഴുകിപ്പോയതായി വോട്ട് കണക്കുകൾ വ്യക്തമാക്കുന്നുവെന്നും യുഡിഎഫ് പറഞ്ഞു.

ചില ഡിവിഷനുകളിലെ വോട്ട് കണക്കുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് സിപിഎം–ബിജെപി ബന്ധം വ്യക്തമായതെന്ന് യുഡിഎഫ് വിശദീകരിച്ചത്.

ടെമ്പിൾ ഡിവിഷനിൽ 2015-ൽ 225 വോട്ട് ലഭിച്ച സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 89 വോട്ടാണ്.

തുളിച്ചേരിയിൽ 2015-ൽ 1114 ഉം 2020-ൽ 1028 വോട്ടും നേടിയ സിപിഎമ്മിന് ഇത്തവണ 567 വോട്ടായി ഇടിഞ്ഞു.

കൊക്കൻപാറയിൽ കഴിഞ്ഞ തവണ 827 വോട്ട് ലഭിച്ച സിപിഎമ്മിന് ഇത്തവണ 562 വോട്ടായി കുറഞ്ഞതായും, ഈ വോട്ടുകൾ ബിജെപിയിലേക്ക് പോയതായും യുഡിഎഫ് ആരോപിച്ചു.

കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപിക്കും, മുസ്ലിം ലീഗിനെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐയ്ക്കും ആവശ്യാനുസരണം വോട്ട് മറിച്ചുനൽകുന്ന രാഷ്ട്രീയമാണ് സിപിഎം നടത്തിയതെന്ന് യുഡിഎഫ് പറഞ്ഞു. പഞ്ഞിക്ക പോലുള്ള ഡിവിഷനുകളിൽ കോൺഗ്രസ് വിരുദ്ധരെ ജയിപ്പിക്കാൻ സിപിഎം സഹായം നൽകിയതായും ആരോപിച്ചു.

കേരളത്തിലെ സിപിഎം ക്രമേണ ബിജെപിയായി മാറുകയാണെന്നും, കോൺഗ്രസിനെയും യുഡിഎഫിനെയും തോൽപ്പിക്കാൻ ഏതു ശക്തിയുമായും കൂട്ടുകൂടുമെന്ന പഴയ നിലപാടാണ് സിപിഎം നടപ്പാക്കുന്നതെന്നും യുഡിഎഫ് വിമർശിച്ചു. ഭൂരിപക്ഷ–ന്യൂനപക്ഷ വർഗീയതകൾക്ക് വോട്ടിനായി ഇന്ധനം പകരുന്ന സിപിഎം രാഷ്ട്രീയത്തെ കണ്ണൂരിലെ ജനങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞുവെന്നും അതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും നേതാക്കൾ പറഞ്ഞു.

അറക്കൽ പോലുള്ള ഡിവിഷനുകളിൽ എസ്.ഡി.പി.ഐക്ക് വോട്ട് നൽകി യുഡിഎഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനുള്ള കൂട്ടുകെട്ടുകളും ഉണ്ടായതായും, ആദികടലായി പോലുള്ള വാർഡുകളിൽ ബിജെപിയെക്കാൾ ശക്തമായ വർഗീയ പ്രചരണം എൽഡിഎഫ് നടത്തിയതായും യുഡിഎഫ് ആരോപിച്ചു. എന്നാൽ ഈ എല്ലാ നീക്കങ്ങളും ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും യുഡിഎഫ് വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ മുൻ മേയറും യുഡിഎഫ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ അഡ്വ. ടി.ഒ. മോഹനൻ, ജനറൽ കൺവീനർ എം.പി. മുഹമ്മദലി, സുരേഷ് ബാബു എളയാവൂർ, രാഹുൽ കായക്കൽ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!