കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച ഫലം ഒട്ടും പ്രതീക്ഷിക്കാത്ത ജനവിധിയാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഫലത്തിന്റെ എല്ലാ വിശദാംശങ്ങളും പാർട്ടി സൂക്ഷ്മമായി പരിശോധിക്കുമെന്നും, സംഘടനാപരമായ തിരുത്തലുകൾ ആവശ്യമെങ്കിൽ അത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുടെ വളർച്ച അപകടകരമാണെന്നും, ഇത് ഗൗരവമായി കാണുന്നുവെന്നും ജയരാജൻ പറഞ്ഞു. കാരയിലെ സി.പി.എം വിമതന്റെ വിജയം സംഘടനാപരമായ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമത സ്ഥാനാർത്ഥിക്ക് കോൺഗ്രസ് വോട്ട് ലഭിച്ചോയെന്നും, സി.പി.എം വോട്ട് പോയോയെന്നും പാർട്ടി വിലയിരുത്തും.
പാർട്ടിവിരുദ്ധ പ്രവർത്തനം അംഗീകരിക്കാനാവില്ലെന്നും, സ്വർണം കായ്ക്കുന്ന മരമായാലും പാർട്ടിവിരുദ്ധമായി പ്രവർത്തിച്ചാൽ മുറിച്ചു മാറ്റുമെന്നും എം.വി. ജയരാജൻ പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകൾ എതിരായി എന്ന് പറയാനാകില്ലെന്നും, തലശ്ശേരിയിലും മുഴുപ്പിലങ്ങാടും ഇടതുപക്ഷം വിജയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ ക്ഷേമ പെൻഷൻ നൽകേണ്ടതില്ലെന്നോ, പെൻഷൻ കൂട്ടിയത് തെറ്റാണെന്നോ പറയേണ്ടി വരുമോയെന്ന് പരിശോധിക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും ജയരാജൻ പറഞ്ഞു. പെൻഷനും ക്ഷേമ പദ്ധതികളും നൽകുമ്പോൾ ജനങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എം. മണിയുടെ വിവാദ പരാമർശത്തെ ന്യായീകരിച്ച ജയരാജൻ, അത് തോൽവിയുടെ പശ്ചാത്തലത്തിൽ ഉണ്ടായ ഒരു പ്രതികരണം മാത്രമാണെന്ന് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാമർശം പൊതുസമൂഹത്തിൽ നിന്നുണ്ടായ പ്രതികരണമാണെന്നും, ശബരിമല വിഷയത്തിൽ ഇടതുപക്ഷം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ ചർച്ചയായില്ലെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

