
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി മെഷീനുകളുടെ പ്രവർത്തനക്ഷമതയും കൃത്യതയും പരിശോധിച്ച് ഉറപ്പിക്കുന്നതിനായി വോട്ടെടുപ്പ് തുടങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് ഒരു മണിക്കൂർ മുൻപ് പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിൽ മോക് പോൾ ആരംഭിക്കും. തുടർന്നാണ് രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കുക.
മെഷീനിൽ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് തെളിയിച്ച ശേഷം ഏതാനും വോട്ടുകൾ രേഖപ്പെടുത്തിയാണ് മോക് പോൾ നടത്തുന്നത്. മത്സരിക്കുന്ന ഓരോ സ്ഥാനാർഥിക്കും പോളിംഗ് ഏജന്റുമാർ വോട്ട് രേഖപ്പെടുത്തിക്കൊണ്ടാണ് മോക്പോൾ നടത്തുക. ഏതെങ്കിലും സ്ഥാനാർഥിയുടെ പോളിംഗ് ഏജൻറ് മോക് പോൾ സമയത്ത് പോളിംഗ് ബൂത്തിൽ ഇല്ലെങ്കിൽ പോളിംഗ് ഓഫീസർമാരിൽ ആരെങ്കിലുമോ അല്ലെങ്കിൽ ആ സമയത്ത് പോളിംഗ് ബൂത്തിലുള്ള പോളിംഗ് ഏജന്റമാരിൽ ആരെങ്കിലുമോ പ്രസ്തുത സ്ഥാനാർഥിക്കുവേണ്ടി മോക് പോളിൽ വോട്ട് രേഖപ്പെടുത്തണം. മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികൾക്കും വേണ്ടി മോക് പോളിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വോട്ടിംഗ് കമ്പാർട്ട്മെന്റിലുള്ള പോളിംഗ് ഓഫീസർ ഉറപ്പുവരുത്തും.
സ്ഥാനാർഥികളുടെ പോളിംഗ് ഏജന്റുമാരൊന്നും മോക് പോൾ സമയത്ത് പോളിംഗ് ബൂത്തിൽ ഹാജരായില്ലെങ്കിലും പ്രിസൈഡിംഗ് ഓഫീസർ മോക് പോൾ അക്കാരണത്താൽ മാറ്റിവെക്കില്ല. അതുപോലെ ഏതെങ്കിലും പോളിംഗ് ഏജന്റുമാർ വൈകി പോളിംഗ് ബൂത്തിൽ ഹാജരായാലും മോക് പോളുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസർ നടപടിക്രമങ്ങൾ അതുവരെ നടത്തിയവ ആവർത്തിക്കില്ല. പകരം തുടർന്നുവരുന്ന നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നതിന് അനുവദിക്കും.
മോക് പോൾ നടത്തുമ്പോൾ ഓരോ സ്ഥാനാർഥിക്കും രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം ഒരു കടലാസ്സിൽ എഴുതി സൂക്ഷിക്കും. മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും, എഴുതി സൂക്ഷിച്ചിട്ടുള്ള മോക് പോളിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ തുല്യം ആകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. മോക് പോളിനു ശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ കൺട്രോൾ യൂണിറ്റിലെ ഫലം പരിശോധിച്ച് മത്സരിക്കുന്ന ഓരോ സ്ഥാനാർഥിക്കും എഴുതി സൂക്ഷിച്ചിട്ടുള്ള കണക്ക് പ്രകാരം മോക് പോളിൽ രേഖപ്പെടുത്തിയ വോട്ട് മെഷീനിൽ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തും. ശേഷം കൺട്രോൾ യൂണിറ്റിലെ ക്ലിയർ ബട്ടൻ അമർത്തി മോക് പോളിൽ ചെയ്യപ്പെട്ട വോട്ടുകൾ കൺട്രോൾ യൂണിറ്റിൽ നിന്നും മായ്ച്ചുകളയും. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സീൽ ചെയ്യും.
ബൂത്തുകൾ പ്രിസൈഡിംഗ് ഓഫീസറുടെ നിയന്ത്രണത്തിൽ
വോട്ടെടുപ്പിനായി സജ്ജമാക്കിയ അതാത് പോളിംഗ് സ്റ്റേഷനുകളിലെ പരമാധികാരി പ്രിസൈഡിംഗ് ഓഫീസറാണ്. പോളിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കെട്ടിടവും, അതിന് ചുറ്റുവട്ടത്ത് 200 മീറ്റർ (മുനിസിപ്പാലിറ്റിയിൽ 100 മീറ്റർ) ദൂരപരിധിയിൽപ്പെടുന്ന പ്രദേശവും പ്രിസൈഡിംഗ് ഓഫീസറുടെ പൂർണ നിയന്ത്രണത്തിലായിരിക്കും. സ്വതന്ത്രവും, നീതിയുക്തവും, സുതാര്യവും, സുഗമവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ പോളിംഗ് ടീമിലുള്ള എല്ലാവരുടേയും സഹകരണം ഉറപ്പാക്കി ഒരു ടീമെന്ന നിലയിലാണ് ബൂത്തുകളിലെ പ്രവർത്തനം.
പോളിങ്ങിന് മുമ്പ് പോളിങ് സ്റ്റേഷൻ ഒരുക്കുക, വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപ് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക് പോൾ നടത്തുകയും വോട്ടിംഗ് മെഷീൻ മുദ്രവെയ്ക്കുകയും ചെയ്യുക, പോളിംഗ് സ്റ്റേഷനിൽ നടക്കുന്ന പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും പ്രിസൈഡിങ് ഓഫീസർ ഡയറിയിൽ (ഫോറം എൻ13) രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ അർഹതയുള്ള ആളുകളെ മാത്രം അനുവദിക്കുക, പോളിംഗ് സ്റ്റേഷനിലും പരിസരത്തും തിരഞ്ഞെടുപ്പ് നിയമങ്ങൾ നടപ്പിലാക്കുക, വോട്ടെടുപ്പിനിടയിൽ ഉണ്ടാകാവുന്ന സവിശേഷ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുക, വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ക്യൂവിൽ നിൽക്കുന്നവർക്ക് സ്ലിപ്പ് നൽകുകയും വോട്ടെടുപ്പ് അവസാനിപ്പിക്കുകയും ചെയ്യുക, വോട്ടെടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (കൺട്രോൾ യൂണിറ്റ്) മുദ്രവെയ്ക്കുക. രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കിന്റെ പകർപ്പ് പോളിംഗ് ഏജന്റുമാർക്ക് നൽകുക, വോട്ടിംഗ് യന്ത്രങ്ങളും തിരഞ്ഞെടുപ്പ് രേഖകളും സുരക്ഷിതമായി സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുക എന്നിവയാണ് പ്രിസൈഡിംഗ് ഓഫീസറുടെ പ്രധാന ചുമതലകൾ.
പോളിംഗ് ഓഫീസർമാർ
പോളിംഗ് ഓഫീസർമാരാണ് പ്രിസൈഡിംഗ് ഓഫീസർക്കൊപ്പം ബൂത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഒന്നാം പോളിംഗ് ഓഫീസർ സമ്മതിദായകന്റെ പേര് വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. അതിനുശേഷം വോട്ടറുടെ കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് വോട്ടറുടെ പേരും ക്രമനമ്പറും മറ്റു പോളിംഗ് ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജന്റുമാർക്കും കേൾക്കാനാകുന്ന വിധം ഉറക്കെ വായിക്കും. വോട്ടറെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിലെ അയാളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള കോളത്തിൽ അടയാളം രേഖപ്പെടുത്തും.
തുടർന്ന് രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ ക്രമ നമ്പർ വോട്ട് രജിസ്റ്ററിൽ രേഖപ്പെടുത്തും. തുടർന്ന് വോട്ടറുടെ ഇടത് ചൂണ്ടുവിരലിൽ മായാത്ത മഷി പുരട്ടും. ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച് ഒരു വോട്ടേഴ്‌സ് സ്ലിപ്പ് തയ്യാറാക്കി വോട്ടർക്ക് നൽകും. അതിനുശേഷം മൂന്നാം പോളിംഗ് ഓഫീസർ വോട്ടറുടെ വിരലിൽ മായാത്ത മഷി അടയാളം വ്യക്തമായിട്ടുണ്ടോ എന്ന് പരിശോധിക്കും. തുടർന്ന് വോട്ടറുടെ പക്കൽ നിന്ന് വോട്ടേഴ്‌സ് സ്ലിപ്പ് വാങ്ങി വോട്ടറെ വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടിംഗ് കമ്പാർട്ടുമെന്റിലേക്ക് പോകാൻ അനുവദിക്കും, ഇതിനായി അദ്ദേഹം കൺട്രോൾ യൂണിറ്റിന്റെ ‘ബാലറ്റ്’ ബട്ടൺ അമർത്തും. വോട്ട് രജിസ്റ്ററിൽ (ഫോം 21എ) രേഖപ്പെടുത്തിയിരിക്കുന്ന അതേ ക്രമത്തിൽ തന്നെ വോട്ടറെ വോട്ടുചെയ്യാൻ അനുവദിക്കും. തുടർന്ന് വോട്ടർ തന്റെ വോട്ട് രേഖപ്പെടുത്തുകയും ബീപ്പ് ശബ്ദം നിലച്ചാൽ ഉടൻ തന്നെ കമ്പാർട്ടുമെന്റ്റിൽ നിന്ന് പുറത്തുപോകുകയും ചെയ്യുന്നു.
പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുവാൻ അർഹതയുള്ളത് ആർക്കൊക്കെ
പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുവാൻ അർഹതയുള്ള ആളുകൾ ഇവരാണ്. പോളിംഗ് ടീമിനും അർഹതയുള്ള സമ്മതിദായകർക്കും പുറമേ സ്ഥാനാർഥിയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റും ഒരു സമയം സ്ഥാനാർഥിയുടെ ഒരു പോളിംഗ് ഏജന്റും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ആളുകൾ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ. കമ്മീഷൻ നിയമിക്കുന്ന നിരീക്ഷകർ. സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്. പരസഹായം കൂടാതെ സഞ്ചരിക്കാൻ കഴിയാത്ത അന്ധനെയോ അവശനെയോ അനുധാവനം ചെയ്യാൻ അനുവദിക്കപ്പെടുന്ന ഒരു വ്യക്തി. സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിൽ മറ്റു വിധത്തിൽ സഹായിക്കുന്നതിനോ അതതുസമയം പ്രിസൈഡിംഗ് ഓഫീസർ പ്രവേശിപ്പിക്കുന്ന മറ്റ് ആളുകൾ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

