തിരുവനന്തപുരം: മാധ്യമ പ്രവർത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ നെടുംതൂണായി മാധ്യമങ്ങൾ പ്രവർത്തിച്ചിരുന്ന ഒരു കാലം രാജ്യത്തിനുണ്ടായിരുന്നുവെങ്കിലും ഇന്ന് മാധ്യമ രംഗം മുഴുവൻ തന്നെ ഭീഷണികൾ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടങ്ങളെ വിമർശിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും കൈയ്യോടെ നേരിടുന്ന സാഹചര്യമാണുള്ളതെന്നും, രാജ്യത്തെ മാധ്യമങ്ങളുടെ നിയന്ത്രണം കുത്തക മുതലാളിമാരുടെ കയ്യിലെത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്രസർക്കാറിന്റെ വർഗീയതയെ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും വ്യാജവാർത്തകൾ സമൂഹത്തിൽ ആധിപത്യം പുലർത്തുന്ന സാഹചര്യവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ടി.വി പോലെയുള്ള ചാനലുകൾക്ക് രാജ്യം സാക്ഷിയാകുന്നുവെന്നും, സ്വതന്ത്ര മാധ്യമപ്രവർത്തനം തടഞ്ഞാൽ അത് നേരിട്ട് ജനാധിപത്യത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഡിടിവിക്കുണ്ടായ സംഭവവും ന്യൂസ് ക്ലിക്ക് പത്രാധിപർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളും, ബിബിസി ഓഫീസുകളിലെ റെയ്ഡുകളും അദ്ദേഹം ഓർമ്മിപ്പിച്ചു. “ഈ സാഹചര്യത്തിൽ എങ്ങനെ സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമാകും?” എന്നും മുഖ്യമന്ത്രി ചോദിച്ചു.
അതോടൊപ്പം, അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന ആക്രമണം എല്ലാ പരിധിയും ലംഘിച്ചുവെന്നും, പലസ്തീൻ പ്രതിനിധി കേരളത്തിൽ ഉണ്ടായിരിക്കുന്നു എന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലസ്തീനിലെ പോരാട്ടത്തെ കേരളവും രാജ്യം മുഴുവൻ മുമ്പ് തന്നെ അംഗീകരിച്ചവരാണെന്നും, ഇപ്പോൾ അവിടെ നടക്കുന്ന വംശഹത്യയിൽ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ഇതൊക്കെ കണ്ടിട്ടാണ് ടീച്ചർ എനിക്ക് ഭക്ഷണം ഇറങ്ങുന്നില്ല എന്ന് വിലപിച്ചത്. അത് നാടിൻറെ ആകെ വിലാപമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

