കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് മൊബൈൽ ഫോണുകൾ എത്തുന്ന വഴികൾ തേടി പോലീസ് അന്വേഷണം ശക്തമാക്കി. സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ തടവുകാരിൽ നിന്ന് ഐഫോൺ ഉൾപ്പെടെ 30-ഓളം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇതുവരെ 14 കേസുകൾ ടൗൺ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊബൈൽ ഫോൺ മാത്രമല്ല, ചാർജർ, ഇയർഫോൺ, പവർബാങ്ക് തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് ശേഷമുള്ള പരിശോധനയിൽ മൂന്ന് സ്മാർട്ട് ഫോണുകൾ കൂടി കണ്ടെത്തി. ജയിലിൽ മൊബൈൽ ഫോണുകൾ എളുപ്പത്തിൽ ലഭ്യമാണെന്ന വെളിപ്പെടുത്തലിനെത്തുടർന്നാണ് അന്വേഷണവും കർശന നടപടികളും.
ജയിലിലേക്ക് മതിൽ വഴി മൊബൈൽ ഫോണും ലഹരി ഉൽപ്പന്നങ്ങളും എറിഞ്ഞുകൊടുക്കുന്ന സംഘത്തെ കഴിഞ്ഞ മാസം പോലീസ് പിടിച്ചിരുന്നു. ‘ഓരോ എറിക്കലിനും 1000 രൂപ’ പ്രതിഫലം ലഭിക്കുന്നുവെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. തടവുകാരുടെ സുഹൃത്തുക്കൾ വഴിയാണ് ഓർഡറുകൾ എത്തിക്കുന്നതെന്നും, എല്ലാ രാഷ്ട്രീയ പാർട്ടികളിലുംപ്പെട്ട തടവുകാർക്കും സാധനങ്ങൾ ലഭിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
തെങ്ങിന് മുകളിൽ വരെ ഫോൺ ഒളിപ്പിക്കൽ
സാഹസികമായി മൊബൈൽ ഫോണുകൾ ജയിലിനകത്ത് ഒളിപ്പിച്ചുവെക്കുന്ന സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. ആറാം ബ്ലോക്കിന് സമീപമുള്ള തെങ്ങിന് മുകളിലായി തടവുകാർ മൊബൈൽ ഫോണുകൾ ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തി. രാത്രികാല പരിശോധനയ്ക്കിടെ തെങ്ങിന് മുകളിൽ പ്രകാശം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് മൊബൈൽ ഫോണുകൾ വീണ്ടെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

