ദുബൈ: കേരളത്തിലെ പോലെ തന്നെ പ്രവാസ ലോകത്തും ഓണത്തിന് ആവേശം നിറഞ്ഞ തിരക്കാണ്. നാട്ടിലെ ചന്തവും ചാരുതയും ഒട്ടും കുറയാതെ ഗൾഫ് മലയാളികളും ഓണത്തെ വരവേൽക്കുകയാണ്. കൂട്ടായ്മയും പങ്കുവെക്കലുമാണ് ഗൾഫ് രാജ്യങ്ങളിലെ ഓണാഘോഷത്തിന്റെ മുഖമുദ്ര. വിവിധ മലയാളി അസോസിയേഷനുകളും ക്ലബ്ബുകളും നിരവധി പരിപാടികളുമായി ഒരുങ്ങിയിരിക്കുകയാണ്.
ഇത്തവണ പ്രവാസ ഓണത്തിന് പ്രത്യേക തിളക്കമാണ്. നബിദിനം പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ തുടർച്ചയായ അവധി ലഭിക്കുന്നതിനാൽ, ആഘോഷം കൂടുതൽ നിറംപിടിക്കും. ഇന്ന് വൈകിട്ട് ജോലിയിൽ നിന്ന് മടങ്ങിയെത്തുന്ന മലയാളികൾ ഉത്രാടപ്പാച്ചിലിനും സദ്യക്കായുള്ള ഷോപ്പിംഗിനും തിരക്കിലാകും.
സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും പ്രത്യേക ഓഫറുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. പഴം, പച്ചക്കറി മാർക്കറ്റുകളിൽ തിരക്ക് ഏറെയാണ്. നാട്ടിൽ നിന്നുള്ള അച്ചാർ, കായ വറുത്തത്, ശർക്കര ഉപ്പേരി തുടങ്ങി വിഭവങ്ങൾ കൊണ്ടുവന്നിട്ടുള്ള പ്രവാസികളും ധാരാളം.
ബാച്ചിലർമാർ താമസസ്ഥലത്ത് സദ്യ ഒരുക്കും. ചിലർ വീട്ടിൽ സദ്യ തയ്യാറാക്കുമ്പോൾ, സമയം കിട്ടാത്തവർക്ക് വിഭവസമൃദ്ധമായ ഓണസദ്യ എത്തിക്കുന്ന ഹോട്ടലുകളും ഒരുക്കത്തിലാണ്. പായസങ്ങളിൽ വൈവിധ്യം കൊണ്ടുവന്ന് ഓണക്കേങ്കേമം ഒരുക്കാനും ഹോട്ടലുകൾ മുന്നോട്ട് വന്നു.
ഓണക്കോടിയുടുത്തും പൂക്കളമിട്ടും സദ്യ പങ്കിട്ടും മറുനാട്ടിലും മലയാളികൾ ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

