കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടിലുണ്ടായ സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്ന് സൂചന. ശനിയാഴ്ച പുലര്‍ച്ചെ 1.51-ഓടെ ഉഗ്ര സ്‌ഫോടനം കേട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നോക്കുമ്പോള്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. നിലവില്‍ പ്രദേശത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തുണ്ട്.
സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിയില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ബോംബ് സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. പൊട്ടാത്ത സ്‌ഫോടക വസ്തുക്കളും പ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
രണ്ടു പേരാണ് ഈ വീട്ടില്‍ വന്നുപോയിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയാണ് ഇവര്‍ എത്താറുള്ളത്. പുലര്‍ച്ചെയോടെ മടങ്ങാറാണ് പതിവ്. അനൂപ് എന്നയാളാണ് വീട് വാടകയ്‌ക്കെടുത്തതെന്ന് പ്രദേശവാസിയായ സുരേഷ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വന്ന് നോക്കുമ്പോള്‍ വീട് തകര്‍ന്നതാണ് കാണുന്നതെന്നും അകത്ത് കയറി നോക്കിയപ്പോള്‍ ഒരു മൃതദേഹം കണ്ടുവെന്നും നാട്ടുകാരില്‍ ഒരാള്‍ പ്രതികരിച്ചു. മൃതദേഹത്തിന്റെ കാല്‍ മാത്രമാണ് പുറത്തുകാണുന്നതെന്നും ശരീരം മുഴുവന്‍ വീടിന്റെ അവശിഷ്ടങ്ങളാല്‍ മൂടിയിരിക്കുകയാണെന്നും ഇയാള്‍ വ്യക്തമാക്കി. വീടിന് സമീപത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ കാണപ്പെട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

