ദർഷിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, വായിൽ ഡിറ്റനേറ്റർ തിരുകി പൊട്ടിച്ചു; സുഹൃത്ത് അറസ്റ്റിൽ 

Kannadiparamba online news

കണ്ണൂർ: ഇരിക്കൂർ കല്യാട് ചുങ്കസ്ഥാനത്ത് പട്ടാപ്പകൽ വൻ കവർച്ച നടന്ന വീട്ടിലെ യുവതിയെ കൊലപ്പെടുത്തിയനിലയിൽ ഹുൺസൂരിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദർഷിത കൊന്നത് വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചാണെന്നാണ് പൊലീസ് കണ്ടെത്തൽ. കരിങ്കൽ ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് അതിക്രൂരമായി കൊലപ്പെടുത്താൻ പ്രതി ഉപയോഗിച്ചതെന്നാണ് വിവരം. 

ചുങ്കസ്ഥാനം പടിഞ്ഞാറെക്കരയിൽ താമസിക്കുന്ന അഞ്ചാംപുര ഹൗസില്‍ കെ.സി. സുമതയുടെ വിദേശത്തുള്ള മകൻ എ.പി. സുഭാഷിന്റെ ഭാര്യ കർണാടക ഹുൺസൂർ സ്വദേശിനി ദർഷിത (22) യെയാണ് മൈസുരു സാലിഗ്രാമത്തിലെ ലോഡ്ജിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ദർഷിതക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തും കർണാടക പെരിയപട്ടണം സ്വദേശിയുമായ സിദ്ധരാജിനെയാണ് സാലിഗ്രാമ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിലും മോഷണത്തിലും ഇയാൾക്കും ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മോഷണത്തിലും കൊലപാതകത്തിലും കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയവുമുണ്ട്. അന്വേഷണസംഘം ഹുൺസൂരിലെത്തിയിട്ടുണ്ട്. 

വെള്ളിയാഴ്ച പട്ടാപ്പകല്‍ നടന്ന വൻ കവര്‍ച്ചയിൽ സുമതയുടെ വീട്ടിൽ നിന്ന് 30 പവന്റെ സ്വർണാഭരണങ്ങളും നാല് ലക്ഷം രൂപയുമാണ് മോഷണം പോയിരുന്നത്. കവർച്ചയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദര്‍ഷിതയെ മരിച്ചനിലയിൽ കണ്ടെത്തിയതായി ഡിവൈ.എസ്.പിക്ക് വിവരം ലഭിച്ചത്. വെള്ളി രാവിലെ സുമതയും ഡ്രൈവറായ മകന്‍ സൂരജും രാവിലെ ജോലിക്ക് പോയിരുന്നു. ഗള്‍ഫിലുള്ള സുഭാഷിന്റെ ഭാര്യ ദര്‍ഷിത രാവിലെ 9.30 ഓടെ കർണാടക ഹുന്‍സൂറിലെ അവരുടെ വീട്ടിലേക്കും പോയിരുന്നതായാണ് പറഞ്ഞിരുന്നത്.

വൈകുന്നേരം സുമത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയിൽപെട്ടത്. വീടിന്റെ മുന്‍വശത്തെ താക്കോല്‍ ഒരുവശത്ത് ഒളിപ്പിച്ചുവെച്ചാണ് കുടുംബം പുറത്തു പോകാറുള്ളത്. ഈ താക്കോലെടുത്ത് വീട് തുറന്ന് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയതെന്നായിരുന്നു പരാതി. മോഷണത്തിന്റെ അന്വേഷണത്തിൽ ദർഷിതയോട് വിവരങ്ങൾ അന്വേഷിക്കാൻ പൊലീസ് ബന്ധപ്പെട്ടപ്പോൾ ദർഷിത വരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ലൊക്കേഷൻ മാറി സഞ്ചരിക്കുന്നതായി മനസ്സിലായി. 

സംശയം ബലപ്പെട്ടതിനാൽ പൊലീസ് ഹുൺസൂരിലേക്ക് പോകാനിരിക്കെയാണ് കൊലപാതക വിവരം ലഭിച്ചത്. ദർഷിതക്ക് രണ്ടര വയസ്സുള്ള മകളുണ്ട്. കുട്ടിയെ ഹുൺസൂരിലെ വീട്ടിലാക്കിയാണ് ദർഷിത സുഹൃത്തിനൊപ്പം പോയതെന്നാണ് വിവരം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!