മയ്യിൽ: കേരള കാർഷിക വികസന ക്ഷേമ വകുപ്പ് മയ്യിൽ കൃഷിഭവൻ കർഷക ദിനാചരണത്തിൻ്റെ ഭാഗമായി നൽകുന്ന വിവിധ കാർഷിക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കയരളം ഒറപ്പടിയിലെ വൈഖരി സാവന് ( പൊന്നാമ്പല ) മികച്ച വിദ്യാർത്ഥി കർഷകയ്ക്കുള്ള അവാർഡ്
ലഭിച്ചു.വളരെ ചെറിയ പ്രായത്തിൽ തന്നെ സഞ്ചരിക്കുന്ന തിയറ്റർ ഗ്രൂപ്പായ ഒറപ്പടി കലാകൂട്ടായ്മയുടെ നെൽകൃഷി പഠനപ്രവർത്തനത്തിൻ്റെ ഭാഗമായത് മുതൽ അമ്മമ്മയുടെ കൂടെ വയലിൽ കൃഷിപ്പണിക്ക് കൂടുമായിരുന്ന വൈഖരി കണ്ടക്കൈ എ എൽ പി സ്കൂളിൽ നിന്നുള്ള കാർഷിക തോട്ടങ്ങളിലേക്കുള്ള യാത്രകളിലൂടെയാണ് പച്ചക്കറി കൃഷിയോട് താൽപ്പര്യം കാണിച്ച് തുടങ്ങിയത്. പിന്നീട് അമ്മമ്മ കെ.കെ.ശാരദയുടെ സഹായത്തോടെ ഗ്രോബാഗുകളിലും ചട്ടികളിലും പച്ചക്കറി കൃഷി തുടങ്ങി. മണ്ണൊരുക്കം മുതൽ വിളവെടുപ്പ് വരെ എല്ലാത്തിലും വലിയ ഉത്സാഹം കാണിച്ചിരുന്നു. ജന്മദിനത്തോടനുബന്ധിച്ച് പച്ചക്കറി തൈകൾ ഗ്രോബാഗിൽ നട്ട് സ്കൂളിന് സമ്മാനമായും നൽകിയിട്ടുണ്ട്.
ഈ വർഷം ടെറസിൽ ഗ്രോബാഗിലും ചട്ടിയിലുമായി അമ്പതിലേറെ പച്ചക്കറിതൈകളാണ് നട്ടു പരിപാലിക്കുന്നത്.
കൈപ്പ, വെണ്ട, വഴുതിന, കക്കിരി, താലോരി, അവര, പച്ചമുളക്., ചതുരപ്പയർ, പയർ, കാന്താരി, തക്കാളി, ഇഞ്ചി, ചീര തുടങ്ങിയ ഇനങ്ങളെല്ലാം വൈഖരിയുടെ തോട്ടത്തിലുണ്ട്. മണ്ണൊരുക്കം മുതൽ ഓരോ ദിവസവും നടത്തുന്ന കാർഷിക പ്രവർത്തനങ്ങൾ വൈഖരി പുസ്തകത്തിൽ കുറിച്ചും വെക്കുന്നുണ്ട്. തൻ്റെ കൃഷി ക്കുറിപ്പുകൾ എഴുതുന്ന പുസ്കത്തിന് “പച്ച” എന്നാണ് പേര് നൽകിയിരിക്കുന്നത്.
കുട്ടി കർഷകയായ വൈഖരി ഡയറിയെഴുത്തും ശീലമാക്കിയിരിക്കുകയാണ്. ഒപ്പം തന്നെ ഓരോ പ്രവർത്തനവും വീഡിയോ ചിത്രീകരണവും നടത്തുന്നുണ്ട്.
പ്രശസ്ത കർഷകനായ ടി.കെ.ബാലകൃഷ്ണൻ കടൂരും പാഠശേഖര സമിതി പ്രവർത്തകനായ ജിനേഷ് ചാപ്പാടിയുമാണ് നിർദ്ദേശങ്ങൾ നൽകുന്നത്. ശ്രീനി കൃഷിദീപമാണ് ആവശ്യാനുസരണം പച്ചക്കറിതൈകളും വളവും എത്തിക്കുന്നത്.
കർഷകരുടെ കൂട്ടായ്മയായ ടാഫ്ക്കോസ് സൊസൈറ്റിയുടെ ജൂലൈ മാസത്തെ കാർഷിക സദസിൽ വെച്ച് വൈഖരിക്ക് ആദരവും ലഭിച്ചിട്ടുണ്ട്.
കണ്ണൂർ അഥീന നാടക നാട്ടറിവ് വീടിൻ്റെ നാടൻ പാട്ടരങ്ങിലൂടെ
കേരളത്തിനകത്തും പുറത്തുമായി അറുനൂറിലേറെ വേദികളിൽ നാടൻ പാട്ടുകൾ പാടി പ്രേക്ഷക ശ്രദ്ധ നേടിയ മിടുക്കി കൂടിയാണ് വൈഖരി സാവൻ. കലാരംഗത്തെ മികവിന് ദേശീയ പുരസ്കാരം ഉൾപ്പെടെ ആറ് അവാർഡുകളും
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിന് പ്രതിഭാ പുരസ്കാരവും കരസ്ഥമാക്കിയ വൈഖരി എൽ എസ് എസ് സ്കോളർഷിപ്പ് ജേതാവുമാണ്.
സിനിമാ, നാടക-നാടൻകലാ പ്രവർത്തകരായ ജിജു ഒറപ്പടിയുടെയും ശിശിര കാരായിയുടെയും ഏക മകളായ വൈഖരി സാവൻ തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
കഴിഞ്ഞ ദിവസം തളിപ്പറമ്പ് എം, എൽ,എ ഗോവിന്ദൻ മാസ്റ്റർക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ പോയി സ്വന്തംകൈപ്പടയിൽ എഴുതിയ കത്ത് കൊടുത്ത് വൈറലായി ഇരിക്കുമ്പോഴാണ് കുട്ടിക്കർഷക അവാർഡും ലഭിക്കുന്നത്. തളിപ്പറമ്പ – മുല്ലക്കൊടി മയ്യിൽ വഴി വിമാന താവള റോഡിൽ അറാക്കാവ് ഒറപ്പടി ചെക്യാട്ട് കാവ് ഭാഗങ്ങളിലെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട്കൊണ്ടുള്ള കത്താണ് എം എൽ എ ക്ക് നൽകിയത്. നാടിന്നും, നാട്ട്കാർക്കും പഠിക്കുന്ന സ്ക്കൂളിന്നും അഭിമാനമാവുകയാണ് പൊന്നാമ്പല എന്ന വൈ ഗരിസാവൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

