കണ്ണൂർ: നഗരത്തിൽ ഗതാഗത കുരുക്ക് അതിരൂക്ഷമായി തുടരുന്നു. രാവിലെയും വൈകിട്ടും വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങുന്ന സമയത്ത് രൂക്ഷമായ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. ചെറുവാഹനങ്ങൾ, വലിയവാഹനങ്ങൾ, കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും അടക്കമുള്ളവ കുരുക്കിൽപ്പെട്ട് മണിക്കൂറുകൾ വഴിയിൽ കിടക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.
മേലേച്ചൊവ്വ ഓവർ ബ്രിഡ്ജ് പ്രവൃത്തിയും, മഴ കഴിഞ്ഞ് നടത്തുന്ന റോഡ് അറ്റകുറ്റപ്പണികളും, റോഡരികിലെ അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന പ്രധാന കാരണങ്ങളാണ്. പിലാത്തറ കെ.എസ്.ടി.പി. റോഡ് അറ്റകുറ്റപ്പണിക്ക് അടച്ചതും പ്രശ്നം കൂടുതൽ രൂക്ഷമാക്കി.
നഗരത്തിലെ വളപട്ടണം, പുതിയതെരു, പൊടിക്കുണ്ട്, പളിക്കുന്ന്, കാൽടെക്സ്, പടന്നപ്പാലം, താഴെച്ചൊവ്വ, മേലേച്ചൊവ്വ തുടങ്ങിയ ഇടങ്ങളിൽ സ്ഥിരമായി കുരുക്ക് അനുഭവപ്പെടുന്നു. വളപട്ടണത്തിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കിയെങ്കിലും അതിന്റെ ഫലം കുറഞ്ഞുവെന്നാണ് പൊതുവായ വിലയിരുത്തൽ.
പാപ്പിനിശ്ശേരി ചുങ്കം മുതൽ വളപട്ടണം കളരിവാതുക്കൽ വരെ പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. പാലത്തിലും ദേശീയപാതയിലുമായി നിരവധി സ്ഥലങ്ങളിൽ റോഡ് തകർന്നു കുഴികൾ രൂപപ്പെട്ടിട്ടുള്ളതും വാഹനങ്ങളുടെ ഗതാഗത വേഗത കുറയ്ക്കുകയും കുരുക്കിന് കാരണമാകുകയും ചെയ്യുന്നു.
തെക്കീ ബസാറിൽ ഭാഗിക ആശ്വാസം
തെക്കീ ബസാറിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കിയതോടെ അവിടെ കുരുക്ക് കുറയാൻ തുടങ്ങിയിട്ടുണ്ട്. കാൽടെക്സ് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തെക്കീ ബസാർ ജംഗ്ഷനിൽ നിന്ന് നേരിട്ട് കക്കാട് റോഡിലേക്ക് കയറുന്നത് ഒഴിവാക്കി, ഏതാനും ദൂരം മുന്നോട്ട് പോയി വലതു വശത്തെ റോഡിലൂടെ പ്രവേശിക്കേണ്ട രീതിയാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ വീതി കുറഞ്ഞ കക്കാട് റോഡിലേക്ക് വലിയ വാഹനങ്ങൾ തിരിക്കുന്നതു ദേശീയപാതയിൽ കുരുക്ക് സൃഷ്ടിക്കുന്നുവെന്ന ആശങ്കയും നിലനിൽക്കുന്നു.
അധികാരികളുടെ അടിയന്തിര ഇടപെടൽ ആവശ്യം
ഓണത്തിന് മുന്നോടിയായി നഗരത്തിൽ ഗതാഗത കുരുക്ക് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. അനധികൃത പാർക്കിംഗും പൊലീസിന്റെ കുറവുള്ള സാന്നിധ്യവും പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഗതാഗത നിയന്ത്രണത്തിനായി അധികാരികളുടെ ശക്തമായ ഇടപെടൽ ആവശ്യമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

