കുന്നംകുളം: തൃശ്ശൂർ കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ, കാറിലുണ്ടായിരുന്ന കൂനാംമുച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
റോഡിന്റെ വലതുഭാഗത്ത് കൂടി പാഞ്ഞെത്തിയ കാർ ആംബുലൻസിൽ ഇടിച്ചുകയറുകയായിരുന്നു. അതുകൊണ്ട് ആംബുലൻസ് ഡ്രൈവർക്ക് പെട്ടെന്ന് ആംബുലൻസ് നിയന്ത്രിക്കാൻ സാധിച്ചില്ല. ആംബുലൻസിൽ രോഗിയും ഡ്രൈവറും ഉൾപ്പെടെ ആകെ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. കാർ യാത്രക്കാരായിരുന്ന കൂനംമുച്ചി സ്വദേശി ആന്റോയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആന്റോയുടെ ഭാര്യയാണ് മരിച്ച പുഷ്പ.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് റോഡിന് കുറുകേ മറിയുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ആളുകൾ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
കാറിന്റെ ഡീസൽ ടാങ്ക് തകർന്ന് ഇന്ധനം റോഡിൽ പടർന്നു. ഇതിനൊപ്പം ആംബുലൻസിലെ ഓക്സിജൻ സിലിണ്ടറിൽ നിന്ന് ഓക്സിജനും ചോർന്നിരുന്നു. തുടർന്ന് ഫയർഫോഴ്സെത്തി കൂടുതൽ അപകടമുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

