ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു

Kannadiparamba online news

കണ്ണൂര്‍:

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പൊലീസ് തെളിവെടുപ്പിനായി വീണ്ടും സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു.

ജയില്‍ ചാടിയത് എങ്ങനെ ആസൂത്രണം ചെയ്തുവെന്നതില്‍ വ്യക്തത നേടാനാണ് പ്രതിയെ കൊണ്ട് തന്നെ സംഭവവിവരം പരിശോധിക്കുന്നത്. ഇയാള്‍ തനിച്ചായിരുന്നു ജയില്‍ ചാടലിന് തന്ത്രം ആസൂത്രണം ചെയ്തത് എന്നാണ് പ്രതിയുടെ മൊഴി. സെല്ലില്‍ ഒരേ സമയം താമസിച്ചിരുന്ന മറ്റൊരു പ്രതിയില്‍ നിന്നും വിശദമായ മൊഴിയെടുക്കാനും പൊലീസ് തയ്യാറാണ്.

ജയില്‍ ചാടലിന് ഉപയോഗിച്ച വഴി, സെല്ലിലെ കമ്പികള്‍ മുറിച്ച രീതിയിലേക്കും അന്വേഷണം നടക്കും . നേരത്തേ കമ്പികള്‍ മുറിച്ച് നൂല്‍കയറുപയോഗിച്ച് അതു മറയ്ക്കുകയും ചെയ്തിരുന്നുവെന്നു പ്രതി സമ്മതിച്ചിട്ടുണ്ട്.

ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുന്നതെന്നാണ് വിവരം. ഇന്ന് പുലർച്ചെ 4:30ക്ക് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂർച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയിൽ വർക്ക്ഷോപ്പിൽ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകൾ തുണികൊണ്ട് കെട്ടി മറച്ചു. മതിൽ ചാടാൻ പാൽപ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻ്റ് ചെയ്തിട്ടുണ്ട്.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റർ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യൻ കൊലയാളി രക്ഷപ്പെട്ടിട്ടും അധികൃതർ അറിഞ്ഞത് മണിക്കൂറുകൾ വൈകിയാണ്. രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്ന് ഗാർഡ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയിൽ ചാടി എന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയത് അറിഞ്ഞത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!