കണ്ണൂർ : സ്വന്തമായി ഭൂമിയില്ലാത്ത 83 കുടുംബങ്ങൾക്ക് കണ്ണൂർ കോർപ്പറേഷന്റെ പദ്ധതിപ്രകാരം ഭൂമിയായി. ഇവർക്കായി കണ്ടെത്തിയ ഭൂമിയുടെ രേഖ കോർപ്പറേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കൈമാറി. 4.10 കോടി രൂപ ചെലവഴിച്ചാണ് ഇത്രയുംപേർക്ക് കോർപ്പറേഷൻ ഭൂമി നൽകിയത്.
കോർപ്പറേഷൻ പരിധിയിൽത്തന്നെ ഭൂമി കണ്ടെത്തിയവർക്ക് അഞ്ചുലക്ഷം രൂപയും കോർപ്പറേഷന് പുറത്ത് 2.70 ലക്ഷം രൂപയുമാണ് നൽകിയത്. 81 പേർക്ക് കോർപ്പറേഷൻ പരിധിയിലും രണ്ടുപേർക്ക് ശ്രീകണ്ഠപുരം നഗരസഭയിലുമാണ് ഭൂമി കിട്ടിയത്.
അഭിമാനാർഹമായ നേട്ടമാണിതെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് കുറേ കടമ്പകൾ ഉണ്ടായിരുന്നു. അതോടൊപ്പം ഗുണഭോക്താക്കൾക്ക് അനുയോജ്യമായ സ്ഥലം കുറഞ്ഞ വിലയ്ക്ക് കണ്ടെത്തുന്നതിനും അല്പം പ്രയാസം നേരിട്ടതായും അദ്ദേഹം പറഞ്ഞു.