കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റു മരിച്ച എട്ടാം ക്ലാസുകാരൻ മിഥുന്റെ സംസ്കാരം ഇന്ന്. കുവൈത്തിൽ ജോലിചെയ്യുന്ന അമ്മ സുജ രാവിലെ 9 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ വീട്ടിലെത്തും എന്നാണ് കണക്കുകൂട്ടൽ. പോലീസ് അകമ്പടിയിലാണ് യാത്ര. മിഥുൻ പഠിച്ച തേവലക്കര സ്കൂളിൽ പത്തുമണിയോടെ പൊതുദർശനം ആരംഭിക്കും.
12:00 മണിയോടെ വീട്ടിലേക്ക് കൊണ്ടുവരും. വീട്ടിലെ പൊതു ദർശനത്തിനുശേഷം നാലുമണിയോടെ വീട്ടുവളപ്പിൽ തന്നെ സംസ്കാര ചടങ്ങുകൾ തുടങ്ങും. വിദ്യാർഥി ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട ജനരോഷം തണുപ്പിക്കാൻ കടുത്ത നടപടിക്ക് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്കൂൾ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി.ഇ.ഒയുടെ ചുമതല വഹിച്ചിരുന്ന എ.ഇ.ഒ ആന്റണി പീറ്ററിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇദ്ദേഹം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും.
നടപടി എടുക്കാതിരിക്കാൻ, കാരണം ബോധിപ്പിക്കാൻ മാനേജ്മെന്റിനും നോട്ടീസ് നൽകി. ഇവരുടെ മറുപടി കിട്ടിയ ശേഷം കൂടുതൽ വകുപ്പുതല നടപടികളിലേക്ക് കടക്കാൻ ആണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. അതേസമയം സിപിഎം,, നേതൃത്വം നൽകുന്ന മാനേജ്മെന്റിന്റെ ഉൾപ്പെടെ വീഴ്ചയ്ക്ക് പ്രധാനാധ്യാപിക സുജയെ മാത്രം കരുവാക്കിയെന്നും ആക്ഷേപമുണ്ട്.