കോഴിക്കോട്: യെമെനിൽ മലയാളിവനിത നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ എല്ലാവിധത്തിലും അനുകൂലമെന്ന് വിവരം. യെമെനിലെ പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് വഴിയുള്ള കാന്തപുരത്തിന്റെ ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച രാവിലെ യെമെന്‍ സമയം പത്തുമണിക്ക് തലാലിന്റെ കുടുംബവുമായുള്ള യോഗം പുനരാരംഭിക്കും. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമെന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി, ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശപ്രകാരം ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലാലിന്റെ നാടായ ദമാറില്‍ എത്തിയിട്ടുണ്ട്. അദ്ദേഹം ശൈഖ് ഹബീബ് ഉമറിന്റെ സൂഫി ഓര്‍ഡര്‍ അനുയായിയും മറ്റൊരു പ്രധാന സൂഫി വര്യന്റെ മകനുമാണ് എന്നകാര്യം വലിയ പ്രതീക്ഷ നല്‍കുന്നു. അദ്ദേഹം തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ (ബുധനാഴ്ച) നടത്താന്‍ നിശ്ചയിച്ച നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിക്കിട്ടുന്നതിനുള്ള അടിയന്തര ഇടപെടല്‍ നടത്തും.
കുടുംബങ്ങള്‍ക്ക് പുറമേ ഗോത്രങ്ങള്‍ക്കിടയിലും ദമാര്‍ പ്രദേശവാസികള്‍ക്കിടയിലും വളരെ വൈകാരികപ്രശ്‌നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അതുകൊണ്ടാണ് ഇത്രയുംകാലം ആര്‍ക്കും തന്നെ താലാലിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെ ആണ് കുടുംബവുമായുള്ള ആശയവിനിമയം ആദ്യമായി സാധിക്കുന്നത്. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ നിര്‍ദേശം തലാലിന്റെ കുടുംബം മാനിക്കുകയായിരുന്നു. ഇന്നത്തെ ചര്‍ച്ചയില്‍ ദിയാധനം സ്വീകരിക്കുന്ന കാര്യത്തിലും ഒരു അന്തിമ തീരുമാനമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.
കുടുംബത്തെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നാളത്തെ ശിക്ഷാനടപടി താത്കാലികമായി നീട്ടിവെക്കുകയെങ്കിലും ചെയ്യണമെന്ന ആവശ്യവും യെമെന്‍ ഭരണകൂടം ഇന്ന് പരിഗണിക്കും.
