കണ്ണൂർ – എടക്കാനം: ജനവാസ കേന്ദ്രത്തിനടുത്തുള്ള റിവർ വ്യൂ പോയിന്റിൽ ക്വട്ടേഷൻ സംഘത്തിന്റെ സായുധ അക്രമത്തിൽ അഞ്ച് പേർക്ക് പരിക്ക്. ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്തയാണ് ഒന്നാം പ്രതി ആയി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഞായറാഴ്ച വൈകിട്ട് 7 മണിയോടെ ആയുധധാരികളായ ഒരു സംഘം മൂന്ന് വാഹനങ്ങളിലായി എത്തിയാണ് നാട്ടുകാരെ ആക്രമിച്ചത്.
പരിക്കേറ്റത്:
ഷാജി കുറ്റിയാടൻ (47) കെ.കെ. സുജിത്ത് (38) ആർ.വി. സതീശൻ (42) കെ. ജിതേഷ് (40) പി. രഞ്ജിത്ത് (29)
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ ലഭിച്ച ഇവരെ തലശ്ശേരി, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം 4 മണിയോടെ ഇവിടം സന്ദർശിച്ച ഒരു സംഘം, വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരത്തെ ഇവിടെ എത്തിയ നാലുപേരെ നാട്ടുകാർ മർദ്ദിച്ചിരുന്നതിന്റെ പ്രതികാരമായാണ് അക്രമം ഉണ്ടായത് എന്ന് പൊലീസ് സംശയിക്കുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു .സംഭവത്തിൽ കണ്ടാൽ തിരിച്ചറിയാവുന്ന 12 പേർ ഉൾപ്പെടെ 15 പേർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
ആക്രമിക്കാനെത്തിയ സംഘം തിരിച്ചുപോകുമ്പോൾ നാട്ടുകാരെ ഇടിച്ചിടുകയും, ഒരു വാഹനം പുഴക്കരയിലേക്ക് മറിഞ്ഞതായും വിവരമുണ്ട്. മറിഞ്ഞു കിടക്കുന്ന വാഹനത്തിന് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.