39 വർഷം മുൻപ് നടത്തിയ കൊലപാതകം തുറന്ന് പറഞ്ഞ് മധ്യവയസ്കൻ; പഴയ പത്രവാർത്തകൾക്ക് പിറകെയോടി പൊലീസ് 

kpaonlinenews

മലപ്പുറം: 14ാം വയസിൽ നടത്തിയൊരു കൊലപാതകം 39 വർഷങ്ങൾക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി തുറന്ന് പറഞ്ഞ് മധ്യവയസ്കൻ. മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി മുഹമ്മദലി (54) എന്നയാളാണ് കുറ്റം ഏറ്റുപറഞ്ഞത്. എന്നാൽ, കൊല്ലപ്പെട്ടത് ആരാണെന്ന് പിടിക്കിട്ടാത്തത് കൊണ്ട് പൊലീസിനാണ് ഇനിയുള്ള പണി. 

കഴിഞ്ഞ ജൂൺ അഞ്ചിനാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 1986ൽ, നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പിൽ കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്ന് ഓടിപോയി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടിൽ മുങ്ങി അയാൾ മരിച്ചുവെന്ന് അറിയുന്നതെന്നും മുഹമ്മദലി മൊഴി നൽകി.

അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയുമില്ല. തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികൾ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു. 

മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിൽ എത്തിയത്. മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു.

അക്കാലത്ത് ഇറങ്ങിയ പത്രവാർത്തകളുടെ ചുവട് പിടിച്ച് ആർ.ഡി.ഒ ഓഫീസിലെ പഴയ ഫയലുകൾ പരിശോധിച്ച് ആളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് തിരുവമ്പാടി സി.ഐ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം. 1986 ഡിസംബർ അഞ്ചിന് വന്ന ഒരു പത്രവാർത്ത മാത്രമാണ് ഇപ്പോൾ തുമ്പായുള്ളത്. 

‘കൂടരഞ്ഞി: മിഷൻ ആശുപത്രിക്കു പിന്നിലെ വയലിലെ ചെറുതോട്ടിൽ യുവാവിന്റെ ജഡം കണ്ടെത്തി. 20 വയസ്സ് തോന്നിക്കും.’ എന്നായിരുന്നു വാർത്ത.

Share This Article
error: Content is protected !!