കണ്ണൂർ: വർഷങ്ങളായി കാൽനട യാത്രക്കാർക്ക് ഭീഷണിയായി തുടരുന്ന കണ്ണൂർ ടൗൺ സ്‌ക്വയറിന് സമീപത്തെ നടപ്പാത ഉൾപ്പെടെ നവീകരിക്കുന്നു. കൂറ്റൻ തണൽ മരങ്ങൾ നിൽക്കുന്ന നടപ്പാത പൊട്ടിപ്പൊളിഞ്ഞതിനാൽ കാൽനട യാത്രക്കാർക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. വേരുകൾ തിങ്ങിയാണ് ഇവിടെ ഇന്റർലോക്ക് പൊട്ടിയിരിക്കുന്നത്. പലയിടത്തും ഇന്റർലോക്ക് പൂർണമായും ഇല്ലാതായി. ദിനംപ്രതി ആയിരങ്ങളാണ് ഇതുവഴി നടന്നു പോവുന്നത്. പ്രായമായവർക്കാണ് ഇതുവഴി നടക്കാൻ ഏറെ ബുദ്ധിമുട്ട്. റോഡിൽ ഇറങ്ങി നടക്കാൻ തുടങ്ങിയാൽ അപകട സാദ്ധ്യതയേറും.
എന്നാൽ, ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു പിടി തണലുകിട്ടണമെങ്കിൽ ആളുകൾക്ക് ഈ നടപ്പാത തന്നെ ശരണം. മഴക്കാലത്തിന് മുൻപെങ്കിലും അധികൃതർ ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ ആളുകളുടെ ദുരിതം ഇരട്ടിക്കും. ഇത്തരം പ്രശ്നങ്ങൾക്ക് തിങ്കളാഴ്ച ആരംഭിക്കാൻ ഇരിക്കുന്ന നഗര സൗന്ദര്യ പദ്ധതിയിലൂടെ പരിഹാരം കാണാൻ കഴിയുമെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. രണ്ട് ഫേസുകളിലായി കണ്ണൂർ ഗാന്ധി സർക്കിൾ മുതൽ പഴയ ബസ് സ്റ്റാൻഡ് വരെയും പ്ലാസ ജംഗ്ഷൻ മുതൽ പ്രഭാത് ജംഗ്ഷൻ വരെയുമാണ് നടപ്പാതകൾ ഉൾപ്പെടെ നവീകരിക്കുന്നത്.
കാൾടെക്സ് ജംഗ്ഷനിലെ ഗാന്ധി സർക്കിളിൽ നിന്ന് തുടങ്ങി കെ.വി.ആ ടവർ, പൊലീസ് മൈതാനം, പഴയ ബസ് സ്റ്റാൻഡ്, കോർപ്പറേഷൻ, താലൂക്ക് ഓഫീസ്, ജവഹർ സ്റ്റേഡിയം, കോടതി തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്കുള്ള നിരവധി ജനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.
860 മീറ്ററിൽ നവീകരണം
ഗാന്ധി സർക്കിൾ മുതൽ പഴയ ബസ് സ്റ്റാൻഡ് വരെയുള്ള 860 മീറ്റർ റോഡിലാണ് നവീകരണം.
നിലവിലുള്ള ഡിവൈഡർ, ഇന്റർലോക്ക്, ഫുട്പാത്ത് എന്നിവ പൊളിച്ചു മാറ്റി പുതുക്കാനും, റോഡുകളിൽ ഇരുവശങ്ങളിലും ടൈലുകൾ പാകിയ ഫുട്ട്പാത്ത് ആവശ്യത്തിനുള്ള ലൈറ്റുകൾ എന്നിവയും പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.