കുടകിൽ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ട കേസ്; 5 കർണാടക സ്വദേശികൾ അറസ്റ്റിൽ, കവര്‍ന്ന 13 ലക്ഷം രൂപ കണ്ടെത്തി

kpaonlinenews

കർണാടക: കർണാടകയിലെ കുടകിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് പേർ അറസ്റ്റിൽ. കർണാടക സ്വദേശികളായ അനിൽ, ഹരീഷ്, സ്റ്റീഫൻ, കാർത്തിക്, ദീപക് എന്നിവരെയാണ് ഗോണിക്കുപ്പ പൊലീസ് പിടികൂടിയത്. മോഷണത്തിനായി നടത്തിയ കൊലപാതകമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസം 23നാണ് വിരാജ്പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം തോട്ടത്തിലെ വീട്ടിൽ പ്രദീപിനെ കഴുത്തിൽ കേബിൾ മുറുക്കി കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. 

സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരിൽ എത്തിയ പ്രതികൾ ആസൂത്രിതമായി പ്രദീപിനെ കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു. 13 ലക്ഷത്തോളം രൂപ സംഘം മോഷ്ടിച്ചു. സ്വത്ത്‌ രേഖകളും മൊബൈൽ ഫോണും കവർന്നു. ഇവർ ഉപയോഗിച്ച ബൈക്കുകളും മോഷണ മുതലുകളും പൊലീസ് പിടികൂടി. വർഷങ്ങളായി കുടകിലായിരുന്നു പ്രദീപൻ താമസം. കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്റെ മകനാണ്.

Share This Article
error: Content is protected !!