കണ്ണൂർ: സ്വർണ്ണക്കടത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് അറിയാവുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അറിയാമായിരുന്നിട്ടും നടപടി സ്വീകരിക്കാത്തത് സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് എതിരെ വിവരം ലഭിച്ചിട്ടും പ്രധാനമന്ത്രി എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയെ പ്രധാനമന്ത്രി ഭയപ്പെടുന്നു. അതുകൊണ്ടാണ് ഇന്ത്യ മുന്നണിക്കെതിരെ മോദി വിമർശനം നടത്തുന്നത്. രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമൊന്നും പരിഹരിക്കാൻ പ്രധാനമന്ത്രി മുൻകൈയെടുക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മോദിയുടെ കേരള സന്ദർശനം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്നും ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് 20 ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.