കണ്ണീരോര്‍മ്മയായി പെരുമണ്ണ് ദുരന്തം: പത്ത് മാലാഖമാരുടെ വേര്‍പാടിന് 15 വയസ്സ്

Kannadiparamba online news

(കമാൽ റഫീഖ് )

ദുബായിൽ പ്രവാസി ജീവിതം നയിക്കേ പതിനഞ്ചു വർഷം മുൻപ് ഒരു വെള്ളിയാഴ്ച റൂമിൽ ഇരുന്നു വാർത്ത കേട്ട് കൊണ്ടിരിക്കെ ഒരു ഫ്ലാഷ് ന്യൂസ് ടി വിയിൽ വന്നു കണ്ണൂർ പെരുമണ്ണിൽ സ്കൂൾ കുട്ടികളുടെ ദേഹത്ത് ജീപ്പ് പാഞ്ഞു കയറി പത്തോളം കുട്ടികൾ മരണപ്പെട്ടു എന്നായിരുന്നു ആ വാർത്ത.
നടുക്കുന്ന ഓര്‍മ്മകളും ഇടനെഞ്ചുരുകുന്ന തീരാദു:ഖവും പേറി കണ്ണീര്‍ നനവിന്റെ ഓര്‍മ്മയില്‍ വീണ്ടും ഒരു ഡിസംബര്‍ 4 കൂടി പിറക്കുകയായി. നാടിനെ നടുക്കിയ പെരുമണ്ണ് ദുരന്തത്തിന് ഇന്നേക്ക് 15 വയസ്സ് തികയുന്നു. ദുരന്തത്തില്‍ പൊലിഞ്ഞു പോയ പത്ത് പിഞ്ചോമനകളുടെ ഓര്‍മ്മ എത്ര യുഗങ്ങള്‍ കഴിഞ്ഞാലും മറക്കാനാവില്ല. 2008 ഡിസംബര്‍ 4-ന് വൈകുന്നേരം 4 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന ഹൈവേയോരത്തു കൂടി സ്‌കൂള്‍ വിട്ട് വീടുകളിലേക്ക് നടന്നു വരികയായിരുന്ന 22 കുരുന്നുകളുടെ നേരെ നിയന്ത്രണം വിട്ട ജീപ്പ് കയറിയിറങ്ങുകയായിരുന്നു. ഇരിക്കൂര്‍ പെരുമണ്ണ ശ്രീനാരായണ വിലാസം സ്‌കൂളിലെ കുട്ടികളായിരുന്നു ഇവര്‍. ഇടിയുടെ ആഘാതത്താല്‍ പത്ത് കുരുന്നുകളുടെ ചേതനയറ്റ ശരീരമാണ് ആ നാടിന് വിതുമ്പലോടെ ഏറ്റുവാങ്ങേണ്ടി വന്നത്. എത്ര യുഗങ്ങള്‍ കൊഴിഞ്ഞു വീണാലും മറക്കാനും പൊറുക്കാനും കഴിയാത്ത സമാനതകളില്ലാത്ത മനുഷ്യക്കുരുതിയുടെ കറുത്ത ദിനത്തിലെ സായാഹ്നം. മിഥുന, അഖിന, അനുശ്രീ, നന്ദന, റിംഷാന, സഞ്ജന, വൈഷ്ണവ്, സോന, കാവ്യ, സാന്ദ്ര എന്നിവര്‍ വിടരും മുമ്പേ പൊലിഞ്ഞു പോയ പത്ത് വാടാമലരുകള്‍ ഇന്നും ജീവിക്കുന്നു, വിങ്ങുന്ന ഓര്‍മ്മയായി, കരള്‍ നുറുങ്ങുന്ന നൊമ്പരമായി. ഒരു നാടിന്റ നട്ടെല്ലും സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി വളരേണ്ട കുരുന്നുകളെ ഒരു നിമിഷത്തെ അശ്രദ്ധയുടെ പേരില്‍ പ്രിയപ്പെട്ടവരില്‍ നിന്നും അടര്‍ത്തി മാറ്റിയ ഓരോ കുരുന്നിന്റെയും ജീവന് പത്ത് വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയുമാണ് 10 വര്‍ഷത്തിന് ശേഷം തലശ്ശേരി സെഷന്‍സ് കോടതി പ്രതിക്ക് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. അപകടത്തില്‍ 11 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ പല വിദ്യാര്‍ത്ഥികളും ഇന്നും അപകടത്തിലേറ്റ പരിക്കിന്റെ ദുരിതം പേറി ജീവിക്കുന്നുണ്ട്. പിച്ച വച്ചു നടന്ന കാലുകള്‍ പെട്ടെന്ന് നിശ്ചലമായപ്പോള്‍ തളര്‍ന്നു പോയത് ഒരു നാട് മുഴുവനുമായിരുന്നു. ആകെ ഉണ്ടായിരുന്ന രണ്ട് മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കണ്ണകള്‍ ഇന്നും നിറഞ്ഞു തന്നെ. കുരുന്നുകളുടെ ഓര്‍മ്മക്കായി വിദ്യാര്‍ത്ഥികളുടെ മൃതദേഹം സംസ്‌ക്കരിച്ച ഇരിക്കൂര്‍ പെരുമണ്ണില്‍ സ്മൃതി മണ്ഡപം നിര്‍മ്മിച്ചിട്ടുണ്ട്. 10 പിഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒമ്പതു പേരെയും സംസ്‌കരിച്ച ചെങ്ങള വീട്ടില്‍ കൃഷ്ണവാര്യര്‍ എന്ന നാട്ടുകാരന്റെ നല്ല മനസ്സു കൊണ്ട് തികച്ചും സൗജന്യമായി നല്‍കിയ സ്ഥലത്ത് സ്മാരകം പണിതത്. മരണത്തിലും അവര്‍ ഒരുമിച്ചുറങ്ങുകയാണ്.
ലേഖകൻ നാരായണ വിലാസം എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!