തലശ്ശേരി: കണ്ണൂർ ഇരിട്ടിയിൽ നാടോടി യുവതിയെ കഴുത്തു ഞെരിച്ച് ബോധം കെടുത്തിയ ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലപ്പെട്ട ശോഭയുടെ രണ്ടാം ഭർത്താവ് മഞ്ജുനാഥിനെയാണ് (44) തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്.
2017 ജനുവരി 21-നാണ് കേസിനാസ്പദമായ സംഭവം. ശോഭയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തു ഞെരുക്കി ബോധം കെടുത്തിയ ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്.
കൊലപാതകത്തിന് ശേഷം ശോഭയുടെ ആദ്യ വിവാഹത്തിലുള്ള രണ്ട് മക്കളുമായി മഞ്ജുനാഥ് ട്രെയിനിൽ മുംബൈയിലേക്ക് കടന്നു. യാത്രാമധ്യേ അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും അനുജത്തിയെയും ഉപേക്ഷിച്ച ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആൺകുട്ടി നൽകിയ നിർണ്ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാനച്ഛനായ മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ശോഭയുടെ ആദ്യ ഭർത്താവായ രാജുവിന്റെ മരണവും കൊലപാതകമായിരുന്നു. ശോഭയും മഞ്ജുനാഥും ചേർന്ന് രാജുവിനെ കൊലപ്പെടുത്തി മൃതദേഹം വനത്തിലെത്തിച്ച് കത്തിച്ചുകളയുകയായിരുന്നു. ഈ രഹസ്യം പോലീസിനോട് വെളിപ്പെടുത്തുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് മഞ്ജുനാഥ് പോലീസിന് മൊഴി നൽകിയിരുന്നു.
ഉപേക്ഷിക്കപ്പെട്ട ശോഭയുടെ രണ്ട് മക്കളെയും അന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനായ അൻഷാദാണ് സംരക്ഷിച്ചത് (നിലവിൽ തിരൂർ എസ്.എച്ച്.ഒ. ആണ് ഇദ്ദേഹം). ശോഭയുടെ കൊലപാതകവും അൻഷാദിന്റെ കേസ് അന്വേഷണവും പ്രമേയമാക്കി 2026-ൽ ‘ഉയിര്’ എന്ന മലയാള ചലച്ചിത്രവും പുറത്തിറങ്ങിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

