അഴീക്കോട്: അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിനെതിരെ വ്യാജ വീഡിയോ നിർമ്മിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വളപട്ടണം പഞ്ചായത്ത് വാർഡ് മെമ്പർ മിഥിലാജ്, ലീഗ് പ്രവർത്തകൻ ബൈജു എന്നിവർക്കെതിരെയാണ് മണ്ഡലം എൽ.ഡി.എഫ് കമ്മിറ്റി പരാതി നൽകിയിരിക്കുന്നത്.
വളപട്ടണം ടാക്സി സ്റ്റാൻഡിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പി.ഡബ്ല്യു.ഡി മുഖേന നിർമ്മിക്കുന്ന ഇന്റർലോക്ക് പ്രവൃത്തിയിൽ അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് ഇവർ വ്യാജ വീഡിയോ നിർമ്മിച്ചത്. വളപട്ടണം പഞ്ചായത്ത് വാർഡ് മെമ്പർ മിഥിലാജും ലൈസൻസില്ലാത്ത കോൺട്രാക്ടറും ലീഗ് പ്രവർത്തകനുമായ ബൈജുവും ചേർന്നാണ് ഈ വീഡിയോ നിർമ്മിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഒരു അഴിമതി ആരോപണം പോലുമില്ലാത്ത, വികസന പ്രവർത്തനങ്ങളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന കെ.വി. സുമേഷിനെ താറടിച്ചു കാണിക്കുവാനുള്ള നീചമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. നാട്ടിൽ മനപ്പൂർവ്വം കലാപം സൃഷ്ടിക്കുവാനുള്ള ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയും കൂട്ടരും പിന്തിരിയണമെന്നും മണ്ഡലം നേതാക്കൾ ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

