അഴീക്കോട്: അമേരിക്കയ്ക്ക് കീഴടങ്ങിയ നരേന്ദ്ര മോദിയും, മോദിക്ക് കീഴടങ്ങിയ പിണറായി വിജയനും ഭരിക്കുമ്പോൾ ജനങ്ങൾ ദുരിതത്തിലാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മഹിളാ കോൺഗ്രസ്സും വനിതാ ലീഗും സംയുക്തമായി സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുമായി ചേർന്നുള്ള കച്ചവടം കമ്മ്യൂണിസ്റ്റുകാർക്ക് ചേർന്നതാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോംപ്രമൈസ് മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. മെയ് നാലിന് വോട്ടെണ്ണുന്നതോടെ സി.പി.എമ്മിൽ വലിയ തകർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്നും, എന്നാൽ സ്ത്രീകൾക്ക് മുൻഗണന നൽകുന്ന പ്രകടനപത്രികയാണ് യു.ഡി.എഫ് പുറത്തിറക്കിയിരിക്കുന്നതെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. പരസ്യബോർഡുകളിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ വിശ്വാസമെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ പത്തുവർഷത്തെ ഭരണകൂടം അടിച്ചേൽപ്പിച്ച ബുദ്ധിമുട്ടുകളെ മൂടിവെയ്ക്കാനുള്ള പ്രചാരണ ബോർഡുകളിൽ വോട്ടർമാർ വഞ്ചിതരാകരുതെന്ന് മുഖ്യപ്രഭാഷണം നടത്തിയ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ പറഞ്ഞു. മറവിക്കെതിരെ ഓർമ്മകൾകൊണ്ട് പ്രതികരിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും അവർ കൂട്ടിച്ചേർത്തു. വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റംസീന റൗഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
വിലക്കയറ്റം, തൊഴിലില്ലായ്മ, നികുതിഭാരം തുടങ്ങിയ പ്രശ്നങ്ങളാൽ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ, അഴീക്കോടുള്ള വോട്ടർമാർ മാറ്റത്തിനായി തയ്യാറെടുത്തിരിക്കുകയാണെന്ന് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരി പറഞ്ഞു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ, സാജിത ടീച്ചർ, ഉഷാ കുമാരി, മോഹിനി എന്നിവർ യോഗത്തിൽ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

