അനീസ് കണ്ണാടിപറമ്പ ✍️
കൊളച്ചേരി: മാലോട്ട് എ.എൽ.പി. സ്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ‘അപ്പൂപ്പൻ താടി’ ദ്വിദിന സഹവാസ ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. ജനുവരി 30, 31 (വെള്ളി, ശനി) ദിവസങ്ങളിലായി നടന്ന ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അറിവുകളും അനുഭവങ്ങളും പകരുന്നതായി.
കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി എം.ബി. നിഷാകുമാരി അധ്യക്ഷത വഹിച്ചു.
ആദ്യദിനം (ജനുവരി 30):
ഉച്ചയ്ക്ക് 2 മണിക്ക് സി.ആർ.സി. കോഡിനേറ്റർ സി.കെ. രേഷ്മ നയിച്ച ‘Let’s Fun With English’ എന്ന സെഷനോടെയാണ് പരിപാടികൾ തുടങ്ങിയത്. തുടർന്ന് ‘ഇട്ടൂലി… പാത്തൂലി’ എന്ന പരിപാടിയിലൂടെ പഴമയുടെ ഗൃഹാതുരത്വം കുട്ടികൾ തൊട്ടറിഞ്ഞു. വൈകുന്നേരം നടന്ന ‘നാടറിയാം’ യാത്രയിൽ നാട്ടുവഴികളും നെയ്ത്തുശാലയും സന്ദർശിച്ചത് കുട്ടികൾക്ക് വിജ്ഞാനപ്രദമായി. രാത്രി 7 മണിക്ക് ശ്രീ. രഞ്ജിത്ത് കണ്ണപുരം നയിച്ച ‘Vibe Time’ എന്ന ക്യാമ്പ് ഫയർ കുട്ടികൾക്ക് ആവേശമായി മാറി. വിദ്യാലയത്തിലെ ദാക്ഷായണിയേച്ചി യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
രണ്ടാം ദിനം (ജനുവരി 31):
ശനിയാഴ്ച രാവിലെ 6.30-ന് നടന്ന ‘മോക്ക് ഡ്രിൽ’ (Mock Drill) ക്യാമ്പിന് ഉണർവേകി. തുടർന്ന് നടന്ന ‘ചിരിയും ചിന്തയും’ സെഷനിൽ തളിപ്പറമ്പ് സൗത്ത് ബി.പി.സി. എം.വി. നാരായണൻ മാസ്റ്റർ ഗണിത കേളികളിലൂടെയും പാട്ടുകളിലൂടെയും കുട്ടികളെ ആനന്ദത്തിലാക്കി. ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന കൊട്ടിക്കലാശത്തിൽ ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവ്വഹിച്ചു.
വികസന സമിതി കൺവീനർ പി. വേലായുധൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീമതി ഹഫ്സത്ത് പി.വി., മദർ പി.ടി.എ. പ്രസിഡന്റ് ഷാഹിന കെ.വി., അധ്യാപകരായ അനിത എ.പി.കെ., ഹർഷ സി. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് പി. ബിന്ദു സ്വാഗതവും എസ്.ആർ.ജി. കൺവീനർ രമ്യ കെ.ഒ. നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

