കണ്ണൂർ: തെരുവുനായ്ക്കൾക്ക് പൊതുവഴികളിൽ ഭക്ഷണം നൽകി പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയായിരുന്ന ബർണശേരി സ്വദേശിനിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ മുന്നറിയിപ്പ് നൽകി. കമ്മിഷന്റെ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കർശനമായ നിർദേശമാണ് നൽകിയിരിക്കുന്നത്.
മൂന്ന് നായ്ക്കളെ സ്വന്തമായി വളർത്തുകയും, പതിനഞ്ചോളം തെരുവുനായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം നൽകുകയും ചെയ്യുന്ന സ്ത്രീക്കെതിരേ പ്രദേശവാസികൾ സമർപ്പിച്ച പരാതിയെയാണ് കമ്മിഷൻ പരിഗണിച്ചത്. തെരുവുനായ്ക്കൾ സമാധാനജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നാരോപിച്ചാണ് പരാതി നൽകിയിരുന്നത്.
കമ്മിഷന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന്, പൊതുസ്ഥലത്ത് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കാമെന്ന് സ്ത്രീ ഉറപ്പുനൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിൽനിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. കന്റോൺമെന്റ് പ്രദേശം ചെറുതാണെന്നും ഇത് തടയാൻ ഷെൽട്ടർ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. 2025 ജൂലായ് 14-ന് ആരംഭിച്ച ഷെൽട്ടറിൽ 16 നായ്ക്കൾക്ക് വാക്സിനേഷനും വന്ധ്യംകരണവും നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
എതിർ കക്ഷിക്കെതിരേ നോട്ടീസ് നൽകാൻ വ്യവസ്ഥയില്ലാത്തതിനാൽ ബോർഡ് പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് പരാതിക്കാരിയെയും എതിർകക്ഷിയെയും സിറ്റിംഗിൽ വിളിച്ചുവരുത്തി കമ്മിഷൻ നേരിട്ട് നിർദ്ദേശം നൽകിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

