തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ യുവതി മുഖ്യമന്ത്രിക്ക് തെളിവുകൾ സഹിതം നേരിട്ട് പരാതി നൽകിയതിന് പിന്നാലെ, മുൻ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മുൻകൂർ ജാമ്യം നേടാൻ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകരുമായി രാഹുലുമായി ബന്ധമുള്ളവർ ചർച്ച നടത്തിയതായാണ് വിവരം.
പരാതി ഡി.ജി.പിക്ക് കൈമാറിയതിന് പിന്നാലെ കേസ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിക്കഴിഞ്ഞു. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. വാട്‌സ്ആപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളാണ് യുവതി മുഖ്യമന്ത്രിക്ക് കൈമാറിയത്.
യുവതിക്ക് പിന്തുണ;
സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അതിജീവിതയ്ക്ക് പരസ്യ പിന്തുണ അറിയിച്ചു. “പ്രിയപ്പെട്ട സഹോദരി തളരരുത്, കേരളം നിനക്കൊപ്പം…” എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വ്യക്തിയാണെന്നും, നിയമപരമായ തുടർനടപടികൾ സർക്കാരിന്റെ കോർട്ടിലാണ് എന്നും കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചു.
സംഭവത്തിൽ, പ്രതികരണവുമായി കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നുവെന്നും, അതുകൊണ്ട് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഈ വിഷയം ഉയർത്തി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ മറച്ചുപിടിക്കാൻ ആർക്കും കഴിയില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
കെ. മുരളീധരൻ പ്രതികരിച്ചത്, രാഹുൽ കോൺഗ്രസിന് പുറത്താണ് എന്നതിനാലും യുവതി നൽകിയ പരാതിക്കനുസരിച്ച് ഇനി സർക്കാരിന് നിലപാടെടുക്കാം എന്നുമാണ്. അന്വേഷണത്തിനനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് അതിജീവിതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിന്റെ പ്രതികരണം
“കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും” എന്ന നിലപാടിൽ രാഹുൽ ഉറച്ചുനിൽക്കുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

