കണ്ണൂർ: നിരവധി രാഷ്ട്രീയ നേതൃത്വങ്ങളെ സമ്മാനിച്ച കണ്ണൂർ സർവകലാശാലയുടെ പാലയാട് കാമ്പസ് ഇത്തവണയും ഒരു ശ്രദ്ധേയമായ രാഷ്ട്രീയ അരങ്ങേറ്റത്തിന് സാക്ഷിയാകുന്നു. ഒരേ ക്ലാസിൽ പഠിക്കുകയും ഒരേ മുറിയിൽ താമസിക്കുകയും ചെയ്യുന്ന മൂന്ന് വിദ്യാർഥിനികളാണ് സി.പി.എം സ്ഥാനാർത്ഥികളായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മൂന്ന് പേരും മൂന്ന് ജില്ലകളിലാണ് മത്സരിക്കുന്നത് എന്നതാണ് ഈ സൗഹൃദ കൂട്ടായ്മയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.
കണ്ണൂർ സർവകലാശാലയിലെ MLM (Master of Legislative Methodology) വിഭാഗത്തിലെ പഠിതാക്കളായ അനുപ്രിയ കൃഷ്ണ, ആഷ്‌റിൻ കളക്കാട്ട്, അശ്വതി ദാസ് എന്നിവർ അഭിഭാഷക ജീവിതവും പഠനവും കൈകോർത്തുകൊണ്ട് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുകയാണ്.
കണ്ണൂർ – അനുപ്രിയ കൃഷ്ണ
കണ്ണൂർ ജില്ലയിലെ ആലക്കോട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് (ആലക്കോട് ടൗൺ) ആണ് അനുപ്രിയ കൃഷ്ണയുടെ പോരങ്കം. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ പ്രവർത്തകയായ അനുപ്രിയ, റിട്ടയേർഡ് എസ്.ഐ എം.ജി. രാധാകൃഷ്ണൻ്റെ മകളും കലാസാംസ്കാരിക രംഗത്ത് സജീവമായ പ്രിയയുടെ മകളും ആണ്.
തൃശൂർ – ആഷ്‌റിൻ കളക്കാട്ട്
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ആണ് ആഷ്‌റിൻ കളക്കാട്ട് മത്സരിക്കുന്നത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്ന്റെയും ഫൗഷത്ത് ബീവിയുടെയും മകളായ ആഷ്‌റിൻ, എസ്എഫ്‌ഐയുടെ മുൻ ഏരിയ സെക്രട്ടറിയും തൃശൂർ ഗവൺമെൻ്റ് ലോ കോളജ് ചെയർപേഴ്സനും ആയിരുന്നു.
പാലക്കാട് – അശ്വതി ദാസ്
പാലക്കാട് ജില്ലയിലെ കൊല്ലംകോട് പഞ്ചായത്തിലെ ആറാം വാർഡിലാണ് അശ്വതി ദാസ് മത്സരിക്കുന്നത്. സി.പി.എം കൊല്ലംകോട് ഏരിയ കമ്മിറ്റി അംഗമായിരുന്ന പരേതനായ ദേവീദാസ്ന്റെയും പ്രിയ കലയുടെയും മകളായ അശ്വതി, തിരുവനന്തപുരം കേരള ലോ കോളജ് യൂണിറ്റ് പ്രസിഡൻ്റും ഇപ്പോൾ പേരൂർക്കട എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡൻ്റുമാണ്.
ഒരേ മുറിയിൽ നിന്നും മൂന്ന് സ്ഥാനാർത്ഥികൾ
പഠന സൗകര്യത്തിനായി ഒരേ മുറിയിൽ താമസിക്കുന്ന ഈ മൂന്ന് സുഹൃത്തുക്കളുടെ സൗഹൃദവും രാഷ്ട്രീയാഭിമുഖ്യവും ചേർന്നത് കാമ്പസിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരേ ക്ലാസിൽ നിന്നും ഒരേ ഹോസ്റ്റൽ മുറിയിൽ നിന്നും മൂന്ന് ജില്ലകളിലേക്ക് മൂന്ന് സ്ഥാനാർത്ഥികൾ — അപൂർവ ദൃശ്യമാണ് ഇത്.
യുവതലമുറയുടെ രാഷ്ട്രീയ സാന്നിധ്യത്തിനും സജീവ ഇടപെടലിനും ഒരു ഉദാഹരണമാണ് പാലയാട് കാമ്പസിലെ ഈ ‘ട്രിയോ’.



വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

