ബംഗളുരു: 24 വയസുള്ള ഡെലിവറി ബോയിയെ മനഃപൂർവം കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ കേസിൽ മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും അറസ്റ്റിൽ. ഒക്ടോബർ 25-നാണ് സംഭവം നടന്നത്. കെമ്പട്ടള്ളി സ്വദേശിയായ ദർശൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ മനോജ് കുമാറിനെയും (32), ജമ്മു കശ്മീർ സ്വദേശിയായ ഭാര്യ ആരതി ശർമയെയും (30) ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അഞ്ചു വർഷം മുമ്പാണ് മനോജും ആരതിയും വിവാഹിതരായത്.
ദമ്പതികൾ സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഡെലിവറി ഏജന്റിനെ മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റതാണ് ദർശന്റെ മരണകാരണം.
ദക്ഷിണ ബംഗളൂരുവിലെ നടരാജ ലേഔട്ടിൽ നിന്നുള്ള സി.സി.ടി.വി ഫൂട്ടേജുകളിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയത്. സംഭവദിവസം രാത്രി ദർശന്റെ സ്കൂട്ടർ ദമ്പതികൾ സഞ്ചരിച്ച കാറിലിടിച്ചതിനെ തുടർന്ന് കാറിന്റെ റിയർ വ്യൂ മിററിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു.
ഭക്ഷണം വിതരണം ചെയ്യാൻ പോവുകയായിരുന്ന ദർശൻ സംഭവം സംബന്ധിച്ച് മാറ്റ് പറഞ്ഞ് ബൈക്കോടിച്ച് പോയതിനെ തുടർന്ന് കുപിതനായ മനോജ് കുമാർ കാറുമായി യൂടേൺ എടുത്ത് ദർശന്റെ സ്കൂട്ടറിനെ പിന്തുടർന്ന് പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ദർശനും പിറകിലിരുന്ന വരുണും റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദർശന്റെ ജീവൻ രക്ഷിക്കാനായില്ല. ആദ്യം സ്വാഭാവിക റോഡാപകടമെന്നാണ് പൊലീസ് കരുതിയത്.
എന്നാൽ, ദർശന്റെ സഹോദരി സംശയം പ്രകടിപ്പിച്ച് നൽകിയ പരാതിയെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, സംഭവം ഒരു അപകടമല്ല — മനഃപൂർവം നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു.
അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ് ദമ്പതികൾ ബൈക്ക് യാത്രക്കാരനുമായി സംസാരിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ബൈക്കിലിടിച്ചപ്പോൾ ഇളകി വീണ കാറിന്റെ ഭാഗങ്ങൾ എടുക്കാനായി ദമ്പതികൾ തിരികെ എത്തിയതും സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.ദർശനെ കാറിടിപ്പിക്കുന്ന വേളയിൽ ദമ്പതികൾ മുഖംമൂടി ധരിച്ചിരുന്നു.
മനോജ് കുമാർ മൊഴിയിൽ താൻ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂവെന്നും, ആരതി പിന്നീട് സ്ഥലത്തെത്തിയതാണെന്നും പറഞ്ഞു. പൊലീസ് അന്വേഷണം തുടരുകയാണ്.
ദർശന്റെ കുടുംബം നിർധന പശ്ചാത്തലത്തിലുള്ളതാണ്. സഹോദരിയുടെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു ദർശൻ. പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

