മംഗളൂരു: കർണാടകയിലെ കുടകിൽ കാറും ലോറിയും കൂട്ടിയിടിച്ച് 4 യുവാക്കൾക്ക് ദാരുണാന്ത്യം. മംഗളൂരു-മടിക്കേരി ദേശീയപാത 275 ൽ ദേവരക്കൊല്ലിക്കടുത്ത് ആണ് അപകടം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് സംഭവം.
ഗോണിക്കൊപ്പൽ സ്വദേശികളായ നിഹാദ്, റിസ്വാൻ, റാക്കീബ്, റീഷു എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. മടിക്കേരിയിൽ നിന്ന് മംഗളൂരുവിലേക്കായിരുന്നു ഇവർ കാറിൽ യാത്ര ചെയ്യുന്നത്. എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
കാറിന്റെ മുന്നഭാഗം പൂർണമായും തകർന്നു. അപകടത്തിൽ നാല് പേർക്കും ഗുരുതരമായി പരിക്കേറ്റു. ഒരാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അവശേഷിച്ച മൂന്നുപേരും സുലിയയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു.
പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ഫയർഫോഴ്സിന്റെ സഹായം തേടേണ്ടിവന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.