kannadiparamba online ✍️
കണ്ണാടിപറമ്പ :
നാറാത്ത് പഞ്ചായത്തിലെ 14-ആം വാർഡിലെ പാറപ്പുറത്ത് തെരുവ് നായകളുടെ ഭീഷണിയിൽ ജനജീവിതം ദുരിതമനുഭവിക്കുന്നു. സൊസൈറ്റിക്കു താഴെയുള്ള മേഖലയിലാണ് നായകളുടെ അമിത വർദ്ധനവും അക്രമസ്വഭാവവുമെല്ലാം പ്രതിദിന ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നത്.
പുലർച്ചെ 5 മണിക്ക് പാൽ കൊണ്ടുപോകുന്ന സ്ത്രീകളെയും അതിരാവിലെ മദ്രസയിലേക്കുള്ള കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ഭീതിയിൽ മുന്നോട്ടുപോകുന്നത്. പ്രഭാതസഞ്ചാരികളും സ്കൂളിലും മദ്രസയിലേക്കും പോകുന്ന കുട്ടികളുമെല്ലാം നിത്യേന നായകളുടെ ആക്രമണ ഭീഷണിയിൽ അകപ്പെടുകയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇതേ പ്രദേശത്ത് നിരവധി പേരെ നായകൾ ആക്രമിക്കുകയും വാർത്തകൾ പ്രാദേശിക മാധ്യമങ്ങളിൽ വരെ വന്നിരുന്നു .
വാർഡ് വികസന ഗ്രൂപ്പുകളിൽ ഈ വിഷയത്തിൽ ചർച്ചകൾ നടന്നെങ്കിലും അതിന്റെ അടിസ്ഥാനത്തിൽ യാതൊരു തീരുമാനമോ നടപടി കൈക്കൊണ്ടില്ല. “ഇനിയുംഇതുപോലെ
കണ്ണ്അടച്ചുഇരിക്കുകയാണെങ്കിൽ വലിയ അപകടങ്ങൾ ഒഴിവാക്കാനാകില്ല” എന്നതാണ് പ്രദേശവാസികളുടെ ഒരൊറ്റ ആവലാതി.
പൊതു സുരക്ഷ ഉറപ്പാക്കാൻ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന് ആവശ്യം ശക്തമാകുകയാണ്.