പ്ലസ്ടു ഫലപ്രഖ്യാപനം മെയ് 21 ന്; പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു; അറിയാം സുപ്രധാന തീരുമാനങ്ങള്‍

Kannadiparamba online news


തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.

പ്ലസ്ടു സീറ്റുകള്‍ വര്‍ധിപ്പിച്ചു

2025 – 2026 അധ്യയന വര്‍ഷം ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കുകയാണ് സീറ്റ് വര്‍ധനയുടെ ലക്ഷ്യം. ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കാനാണ് സീറ്റ് വര്‍ധന അനുവദിച്ചത്.

സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനയാണ് അനുവദിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും. ഇതുകൂടാതെ ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും.

കൊല്ലം, എറണാകുളം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍
സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധന ഉണ്ടായിരിക്കും. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധന അനുവദിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധന ഉണ്ടായിരിക്കില്ല.

2022 – 23 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും കൂടി ചേര്‍ന്ന 81 ബാച്ചുകളും 2023 – 24 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി ചേര്‍ന്ന 111 ബാച്ചുകളും 2024 – 25 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 138 ബാച്ചുകളും ഈ വര്‍ഷം കൂടി തുടരുമെന്ന് മന്ത്രി അറിയിച്ചു.

സീറ്റ് വര്‍ധനയിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകള്‍: 64,040

താല്‍ക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകള്‍: പതിനേഴായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് (17,290)

മാര്‍ജിനല്‍ സീറ്റ് വര്‍ധനയിലൂടെയും താല്‍ക്കാലിക ബാച്ചുകളിലൂടെയും ലഭ്യമാകുന്ന ആകെ സീറ്റുകള്‍ എണ്‍പത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത് (81,330)

സംസ്ഥാന തലത്തില്‍ പ്ലസ്വണ്‍ പ്രവേശനത്തിന് ലഭ്യമായ സീറ്റുകള്‍

ഹയര്‍ സെക്കന്‍ഡറി മേഖലയിലെ ആകെ സീറ്റുകള്‍: നാല് ലക്ഷത്തി നാല്‍പത്തിയൊന്നായിരത്തി എണ്ണൂറ്റി എണ്‍പത്തിയേഴ് (4,41,887)

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയിലെ ആകെ സീറ്റുകള്‍: മുപ്പത്തി മൂവായിരത്തി മുപ്പത് (33,030)

പ്ലസ് വണ്‍ പഠനത്തിന് ആകെ ലഭ്യമായ സീറ്റുകള്‍: നാല് ലക്ഷത്തി എഴുപത്തി നാലായിരത്തി തൊള്ളായിരത്തി പതിനേഴ് (4,74,917)

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ സീറ്റുകള്‍ക്ക് പുറമേ
ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകള്‍ ഐടിഐ മേലയിലെ ആകെ സീറ്റുകള്‍: അറുപത്തിയൊന്നായിരത്തി നാന്നൂറ്റി ഇരുപത്തിയൊമ്പത് (61,429)

പോളിടെക്നിക്ക് മേഖലയിലെ ആകെ സീറ്റുകള്‍ ഒമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ് (9,990)

എല്ലാ മേഖലകളിലുമായി ഉപരിപഠനത്തിന് ലഭ്യമായ ആകെ സീറ്റുകള്‍ അഞ്ച് ലക്ഷത്തി നാല്‍പത്തിയാറായിരത്തി മുന്നൂറ്റി മുപ്പത്തിയാറ് (5,46,336)

ഹയര്‍ സെക്കന്‍ഡറി ഏകജാലക പ്രവേശനം

2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകര്‍ക്ക് സ്വന്തമായോ, അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും തേടാം. ആ പ്രദേശത്തെ ഗവണ്‍മെന്റ്/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള
അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 20.
ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍

ട്രയല്‍ അലോട്ട്മെന്റ് തീയതി: മേയ് 24
ആദ്യ അലോട്ട്മെന്റ് തീയതി: ജൂണ്‍ 2
രണ്ടാം അലോട്ട്മെന്റ് തീയതി: ജൂണ്‍ 10
മൂന്നാം അലോട്ട്മെന്റ് തീയതി: ജൂണ്‍ 16

മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. മുന്‍ വര്‍ഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂണ്‍ 24 നായിരുന്നു. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ് (6) മോഡല്‍ റസിഡെന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവേശനം ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. സ്‌കൂളുകളിലേക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് നിര്‍ദിഷ്ട പ്രവേശന ഷെഡ്യൂള്‍ പ്രകാരം അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രോസ്പെക്ടസുകള്‍ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!