വയോധികയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കുന്നതിൻ്റെ ദൃശ്യം. പൊട്ടിച്ചത് മുക്കുപണ്ടം ; നാറാത്ത് സ്വദേശിയായ പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പോലീസ്

kpaonlinenews
(വീഡിയോ)

കണ്ണൂർ: വയോധികയെ തള്ളിയിട്ട് മാല കവർന്ന കള്ളനെ മണിക്കൂറുകൾക്കകം ടൗൺ പോലീസ് പിടികൂടി. നാറാത്ത് സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ ഇബ്രാഹിം (41) ആണ് പിടിയിലായത്. പന്നേൻ ഹൗസിലെ കാർത്ത്യായനിയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. സ്വർണമാല പൊട്ടിക്കാനുള്ള ആദ്യ മോഷണത്തിനിടെ പ്രതിക്ക് കിട്ടിയത് റോൾഡ് ഗോൾഡ് ആഭരണമായിരുന്നു.പള്ളിക്കുന്ന് പന്നേൻപാറക്കടുത്ത് ഫുൾഡിറോഡിൽ ഇന്നലെ കാലത്ത് പതിനൊന്നരയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും പള്ളിക്കുന്നിൽ ബസിറങ്ങി വീട്ടിലേക്കുള്ള യാത്രക്കിടെ വയോധികയെ സ്കൂട്ടർ യാത്രക്കാരനായ പ്രതി പിൻതുടരുന്നുണ്ടായിരുന്നു. റെയിൽവേയിൽ ജോലി ചെയ്യുന്ന ഒരാളുടെ പേര് അറിയുമോ എന്നും സ്ത്രീയോട് അന്വേഷിച്ചിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് സ്കൂട്ടർ നിർത്തിയ ശേഷം വീണ്ടും വയോധികയോട് ആളെക്കുറിച്ച് ചോദിച്ചതിന് ശേഷമാണ് തള്ളിയിട്ട് മാല കവർന്നത്. പ്രതിയുടെ ദൃശ്യങ്ങൾ സ്ഥലത്തെ ഒരു വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വീഴ്ച്ചയിൽ മുട്ടിന് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കാണിച്ച് വീട്ടിൽ തിരിച്ചെത്തിച്ചതിന് ശേഷമാണ് മടങ്ങിയത്. . സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പോലീസ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ അനുരൂപ്, ഷൈജു, നാസർ, റമീസ്, മിഥുൻ, സനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Share This Article
error: Content is protected !!