തലശേരി: പാട്ടും പറച്ചിലുമായി അറബിക്കടലിന്റെ തീരത്ത് പ്രതിഷേധസാഗരം തീർത്ത് യുവത്വം. ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധത്തിന് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിനെതിരായ കണ്ണൂരിന്റെ രോഷാഗ്നി ജ്വലിപ്പിക്കുന്നതായി സമരത്തെരുവിൽ സംഗമിച്ച യുവജനസാഗരം. തലശേരി കടൽപ്പാലം പരിസരമാണ് ഡിവൈഎഫ്.ഐ. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘പാട്ടും പറച്ചിലിനും’ വേദിയായത്. സമരത്തെരുവിലേക്ക് ഒഴുകിയെത്തിയ യുവത്വം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പോരാട്ടത്തിന് ഹൃദൈക്യം പ്രഖ്യാപിച്ചു.
‘വി ദി പീപ്പിൾ ഓഫ് ഇന്ത്യ–ഡിവൈഎഫ്.ഐ’ എന്ന റിബണും തലയിൽ കെട്ടിയാണ് വിപ്ലവ യുവത്വം ജനാധിപത്യ സംരക്ഷണ പോരാട്ടത്തിനൊപ്പം കണ്ണിചേർന്നത്. ഡൽഹി പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ബാനറുകളും പോസ്റ്ററുകളും ഉയർന്നു. പാടിയും ആടിയും ചിത്രങ്ങൾ വരച്ചും ആശയങ്ങൾ പങ്കുവെച്ചും ജന്തർ മന്ദർ സമരത്തെരുവിനെ പുതുതലമുറ സർഗാത്മകമാക്കി. സുഭാഷ് അറുകരയുടെ നാടൻപാട്ടിനൊപ്പം സമരകേന്ദ്രത്തിലെത്തിയവർ ഒന്നടങ്കം ചുവടുവെച്ചു.
സെൽവൻ മേലൂരിന്റെ നേതൃത്വത്തിൽ സമരചിത്രം വരച്ചാണ് ‘ജന്തർ മന്ദറിൽ’ പ്രതിഷേധത്തിന് ചിത്രകാരന്മാർ നിറം പകർന്നത്. സി. സത്യനാഥ്, അഭിനേഷ് എന്നിവരും കൂട്ടായ്മയുടെ ഭാഗമായി. കൂത്തുപറമ്പിലെ കലാകാരന്മാർ മുട്ടിപ്പാട്ടുമായാണ് സമരകേന്ദ്രത്തിലെത്തിയത്. ഗായകൻ അലോഷിയും സംഗീതത്താൽ സമരത്തെരുവിന് ആവേശം പകർന്നു. പരിപാടിയിൽ പങ്കെടുത്ത സമൂഹത്തിന്റെ നാനാതുറയിലുള്ളവർ ചേർന്ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു.
സി.പി.ഐ.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, മുൻ സ്പീക്കർ എ.എൻ. ഷംസീർ, റെയ്ഡ്കോ ചെയർമാൻ എം. സുരേന്ദ്രൻ, ഫുട്ബോൾ താരം സി.കെ. വിനീത്, കർഷകസംഘം ജില്ലാ സെക്രട്ടറി എം.സി. പവിത്രൻ, ഡിവൈഎഫ്.ഐ. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, പ്രസിഡന്റ് കെ. അനുശ്രി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം. അഖിൽ, പി.പി. അനിഷ, പി.പി. സിദിൻ, എ.പി. അൻവീർ, ഷിബിൻ കാനായി തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

