സി.പി.ഒ ദിവ്യശ്രീയെ വെട്ടിക്കൊന്ന കേസ്: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും

Kannadiparamba online news
Screenshot

കണ്ണൂർ: നാടിനെ നടുക്കിയ കരിവെള്ളൂരിലെ കൊലപാതക കേസിൽ വിധി വന്നു. മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസറായ ദിവ്യശ്രീയെ (38) ക്രൂരമായി വെട്ടിക്കൊന്ന കേസിൽ ഭർത്താവ് കെ. രാജേഷിനെ കോടതി മൂന്നു ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനുപുറമെ പ്രതി രണ്ടുലക്ഷം രൂപ പിഴയും അടയ്ക്കണം.

2024-ലാണ് നാടിനെ നടുക്കിയ ഈ ദാരുണ കൊലപാതകം നടന്നത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് കൊഴുമ്മൽ സ്വദേശിയായ രാജേഷുമായി അകന്ന്, സ്വന്തം പിതാവ് കെ. വാസുവിനൊപ്പമായിരുന്നു ദിവ്യശ്രീയുടെ താമസം. ഇരുവരുടെയും വിവാഹമോചനക്കേസ് കണ്ണൂർ കോടതി പരിഗണിച്ചതിന്റെ പിറ്റേദിവസം വൈകിട്ട് അഞ്ചരയോടെ ബൈക്കിൽ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും, തുടർന്ന് കയ്യിൽ കരുതിയ വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു. അക്രമം തടയാൻ ശ്രമിച്ച പിതാവ് വാസുവിനും വെട്ടേറ്റിരുന്നു.

നിലവിളിയോടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കും മുഖത്തും കൈകൾക്കും ഉൾപ്പെടെ ഗുരുതരമായി വെട്ടേറ്റിരുന്നു. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ പ്രതി രാജേഷിനെ, അന്ന് രാത്രിയോടെ കണ്ണൂർ പുതിയതെരുവിലെ ബാറിൽനിന്നാണ് വളപട്ടണം പോലീസ് അതിസാഹസികമായി കസ്റ്റഡിയിലെടുത്തത്. കൊലയ്ക്കുപയോഗിച്ച വാൾ പുഴയിൽനിന്നും കണ്ടെത്തിയിരുന്നു.

ഏറെ കഷ്ടപ്പെട്ട് പഠിച്ച് പൊലീസ് ജോലി നേടിയ ദിവ്യശ്രീ കുടുംബത്തിന്റെ അത്താണിയും, വിദ്യാർഥിയായ ഏക മകന്റെ ഏക ആശ്രയവുമായിരുന്നു. സ്ഥിരമായി ജോലിക്ക് പോകാതിരുന്ന രാജേഷിന് ടാക്സിയും ബൈക്കും ഉൾപ്പെടെ വാങ്ങി നൽകിയത് ദിവ്യശ്രീയുടെ വീട്ടുകാരാണ്. കണ്ണൂരിൽ നടന്ന കൗൺസലിങ്ങിൽ ഭർതൃപീഡന വിവരങ്ങളും, 7 ലക്ഷത്തോളം രൂപ രാജേഷ് ധൂർത്തടിച്ചതും ദിവ്യശ്രീ തുറന്നുപറഞ്ഞിരുന്നു. വിവാഹമോചനം നേടിയാൽ തന്റെ വരുമാനം നിലയ്ക്കുമെന്ന പ്രതിയുടെ ആശങ്കയും, സാമ്പത്തിക ചൂഷണം ചോദ്യം ചെയ്തതിന്റെ പ്രകോപനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!