കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ ഹോം ഗ്രൗണ്ടിൽ വിജയം ലക്ഷ്യമിട്ട് കണ്ണൂർ വാരിയേഴ്സ് എഫ്.സി ഇന്ന് ഇറങ്ങുന്നു.
രാത്രി 7.30ന് കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സി എതിരാളികളായിരിക്കും.
സീസണിലെ ആദ്യ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ കണ്ണൂർ വാരിയേഴ്സ് 3–2 എന്ന സ്കോറിന് വിജയിച്ചിരുന്നു. ഇന്ന് വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനാണ് ടീമിന്റെ ലക്ഷ്യം.
നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയുമായി കണ്ണൂരിന് ഒമ്പത് പോയിന്റുണ്ട്. വിജയം നേടി 12 പോയിന്റോടെ ഒന്നാം സ്ഥാനത്തേക്കാണ് ലക്ഷ്യം.
തിരുവനന്തപുരത്തിന് സെമിഫൈനൽ സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും മൂന്നു തോൽവിയുമായി നാല് പോയിന്റ് മാത്രമാണവർക്ക് ഉള്ളത്.
സ്വന്തം ആരാധകരുടെ മുന്നിൽ രണ്ടാം തവണ ഇറങ്ങുന്ന കണ്ണൂർ വാരിയേഴ്സിന് ജയത്തിന് കുറവൊന്നും മതിയാവില്ല. കഴിഞ്ഞ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിക്കെതിരെ അവസാന നിമിഷ ഗോൾ വഴങ്ങി സമനിലയിൽ അവസാനിപ്പിച്ചപ്പോഴുണ്ടായ നിരാശയ്ക്കു പകരം ചോദിക്കാനാണ് ടീം ഇറങ്ങുന്നത്. പരിശീലകൻ മാനുവൽ സാഞ്ചസ് തൃശൂരിനെതിരെ പരീക്ഷിച്ച 3-4-3 ഫോർമേഷൻ തന്നെ തുടരാനാണ് സാധ്യത.
തിരുവനന്തപുരത്തിന്റെ ക്യാപ്റ്റൻ പാട്രിക്ക് മോട്ടയ്ക്ക് രണ്ടാം സീസണിൽ പ്രതീക്ഷിച്ചതുപോലെ തിളങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഗോൾകീപ്പർ ആര്യൻ മികച്ച ഫോമിലാണ് — അഞ്ച് മത്സരങ്ങളിൽ 12 സേവ് നേടി ശ്രദ്ധേയനായിട്ടുണ്ട്.
🎫 ടിക്കറ്റ് വിൽപന ആരംഭിച്ചു
മത്സരത്തിനെത്തുന്നവർക്കായി സ്റ്റേഡിയത്തിൽ രണ്ട് ബോക്സ് ഓഫിസുകൾ തുറന്നിട്ടുണ്ട്.
കണ്ണൂരിലെ പുതിയതെരു, താഴെചൊവ്വയിലെ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റുകളിലും ടിക്കറ്റുകൾ ലഭ്യമാണ്.
ഓൺലൈൻ ടിക്കറ്റുകൾ ലഭ്യമാകുന്ന ലിങ്ക്: www.ticketgenie.in
മുമ്പത്തെ മത്സരത്തിനുള്ള ടിക്കറ്റുകൾ എടുത്തിട്ടും ഉപയോഗിക്കാനായില്ലെങ്കിൽ, അവ ബോക്സ് ഓഫിസിൽ എത്തിച്ച് മാറ്റി വാങ്ങാം.
🚪 പ്രവേശന ക്രമം
മത്സരം കാണാനെത്തുന്നവർക്ക് വൈകിട്ട് 5 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ആരംഭിക്കും.
തിരക്ക് നിയന്ത്രിക്കാൻ 7.15ന് ഗേറ്റുകൾ അടയ്ക്കുന്നതായതിനാൽ ആരാധകർ നേരത്തെ എത്തണമെന്ന് ക്ലബ് അഭ്യർത്ഥിച്ചു.
ടിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന സീറ്റുകളിലേക്കുമാത്രമേ പ്രവേശനം അനുവദിക്കൂ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

