കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു; അഴിമതി ആരോപിച്ച് എൽഡിഎഫ് പ്രതിഷേധം

Kannadiparamba online news
Screenshot

കണ്ണൂർ: കോർപ്പറേഷൻ കൗൺസിൽ യോഗം എൽഡിഎഫ് പ്രതിഷേധത്തെത്തുടർന്ന് ബഹളത്തിൽ കലാശിച്ചു. യുഡിഎഫ് ഭരണനേതൃത്വത്തിനെതിരേ അഴിമതി ആരോപിച്ചാണ് എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചത്.

മരക്കാർകണ്ടിയിലെ മാലിന്യസംസ്‌കരണ പ്ലാന്റ് നിർമാണ പദ്ധതി ടെൻഡർ നൽകിയതിൽ അഴിമതിയുണ്ടായെന്നാണ് എൽഡിഎഫ് ആരോപണം. വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയമാണ് പ്രധാനമായും ചർച്ചയായി. രാവിലെ 11.30-ന് യോഗം തുടങ്ങിയതോടെ, “അഴിമതി ഭരണം തുലയട്ടെ” എന്ന മുദ്രാവാക്യവുമായി സിപിഎം കൗൺസിലർ ടി. രവീന്ദ്രന്റെ നേതൃത്വത്തിൽ എൽഡിഎഫ് അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി.

മേയർ മുസ് ലിഹ് മഠത്തിലിന്റെ ഇരിപ്പിടത്തിന് ചുറ്റും യുഡിഎഫ് കൗൺസിലർമാർ അണിനിരന്നപ്പോൾ, പ്രതിഷേധം വകവെക്കാതെ മേയർ അജൻഡ വായിച്ചു തുടങ്ങി. അജൻഡ ചർച്ച ചെയ്യണമെന്ന ആവശ്യവുമായി സ്ഥിരം സമിതി ചെയർമാൻ പി.കെ. രാഗേഷ് എഴുന്നേറ്റെങ്കിലും, അതിനിടെ യുഡിഎഫ് അംഗങ്ങളും “തിരഞ്ഞെടുപ്പ് നാടകം അവസാനിപ്പിക്കുക, പിണറായി ഭരണം അഴിമതി ഭരണം” എന്ന മുദ്രാവാക്യങ്ങളുമായി പ്രതികരിച്ചു.

എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ മുഖാമുഖം നിന്നുകൊണ്ട് മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കെ, മേയർ അജൻഡ വായിച്ച് യോഗം അവസാനിച്ചതായി അറിയിച്ചു. തുടർന്ന് എൽഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഹാളിന് പുറത്തേക്ക് നീങ്ങി.

യുഡിഎഫിന്റെ പ്രതികരണം:

എൽഡിഎഫ് പ്രതിഷേധം “തിരഞ്ഞെടുപ്പ് നാടകം” മാത്രമാണെന്ന് മേയർ മുസ് ലിഹ് മഠത്തിൽ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും അഴിമതിയും മറച്ചുപിടിക്കാനാണ് ഇത്തരം നാടകങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭരണത്തിൽ അഴിമതിയുടെ ചെളിക്കുണ്ടിൽ മുങ്ങിക്കിടക്കുന്ന എൽഡിഎഫാണ് യുഡിഎഫിനെതിരെ പ്രതിഷേധിക്കുന്നത് വെറും നാടകമാണെന്ന് മുൻ മേയർ ടി.ഒ.മോഹനൻ പറഞ്ഞു. 

സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്നയാൾ വരെ യുഡിഎഫിനെതിരേ പ്രതിഷേധവുമായെത്തിയത് അപഹാസ്യമാണെന്നും മോഹനൻ കുറ്റപ്പെടുത്തി. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!