കൊളച്ചേരി 9-ാം വാർഡിലെ കൊറോത്ത് മൊട്ട റോഡ് നശിച്ച നിലയിൽ; നാട്ടുകാർക്ക് ദുരിതം

kpaonlinenews

✍️ Kannadiparamba News Desk

കൊളച്ചേരി ▸ 9-ാം വാർഡിലെ കൊറോത്ത് മൊട്ട റോഡിന്റെ ദയനീയ അവസ്ഥയിൽ പ്രദേശവാസികൾ കടുത്ത ദുരിതം അനുഭവിച്ചുതുടങ്ങി. മഴക്കാലത്തോടനുബന്ധിച്ച് റോഡ് പൂർണമായി പൊട്ടിപ്പൊളിഞ്ഞ്, ചരിവുകളും ചതുപ്പുകളും നിറഞ്ഞു കിടക്കുകയാണ്. നടക്കാനും വാഹനത്തിൽ യാത്രചെയ്യാനും കഴിയാത്ത സാഹചര്യം നിലനില്ക്കുന്നു.

പല വീടുകളിലേക്കുള്ള പ്രവേശന വഴികളും തകർന്നതിന്റെ ഫലമായി, വീട്ടുകാർക്ക് അടിയന്തര ആവശ്യങ്ങൾക്കായി പോലും പുറത്ത് പോകാൻ ബുദ്ധിമുട്ടാണ്. രോഗികളേയും മുതിർന്നവരേയും ആശുപത്രിയിലേക്ക് എത്തിക്കാൻ നാട്ടുകാർക്ക് ബുദ്ധിമുട്ടുകയാണ്.

കുറെ വർഷമായി ഈ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അളവെടുപ്പ് നടത്തിയിട്ടുണ്ട്, പക്ഷേ അങ്ങനെ എത്തുന്നത് മാത്രമാണ് ചെയ്യുന്നത്. നവീകരണത്തിന് ഒരു തുടക്കവുമില്ല.

ഈ റോഡ് വന്നാൽ കായിച്ചിറ പള്ളിപറമ്പ് വഴി ചേലേരി സ്കൂളിലേക്കുള്ള ഒരു എളുപ്പ വഴിയാകും ഇത്.
കുട്ടികൾക്കും ഈ റോഡ് വഴിയുള്ള യാത്ര വലിയ അപകടഭീഷണിയായി തുടരുകയാണ്. മഴക്കാലത്ത് കുട്ടികൾക്ക് തൊപ്പി, ചെരിപ്പ്, യൂണിഫോം എല്ലാം ചളിയിൽ ആകുകയാണ് പതിവ്.

“വഴി ഇല്ലാതെ നമുക്ക് സ്വന്തം വീടുകളിലേക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയിലാണ്. ഒരിക്കൽ പണിയുമോ എന്നത് അറിയില്ല,” എന്ന് പ്രദേശവാസികൾ പറഞ്ഞു.

“റോഡ് നശിച്ച നിലയിലാണെന്നറിയാതെ ഗൂഗിൾ മാപ്പ് കാട്ടുന്ന വഴി പിടിച്ച് വരുന്നവർ ഇവിടെ എത്തിയ ശേഷം തിരിച്ചുപോകുന്നത് ദിവസേനയുള്ള കാഴ്ചയാണ്,” എന്നും നാട്ടുകാർ പറയുന്നു.

നാട്ടുകാരുടെ ആവശ്യം – അടിയന്തിരമായി റോഡ് നവീകരണ പ്രവർത്തനം ആരംഭിക്കണമെന്ന് അധികൃതർക്ക് അടിയന്തിരമായി ശ്രദ്ധ നൽകണമെന്ന്.

അതേസമയം റോഡ് നവീകരണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. കോൺക്രീറ്റ് നിർമ്മാണത്തിന് ഉടൻ തുടക്കം കുറിക്കുമെന്നും അവർ അറിയിച്ചു.

Share This Article
error: Content is protected !!