ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനത്തിനിടയിലാണ് പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും ചേർന്ന് കരാറിൽ ഒപ്പുവെച്ചത്. “ചരിത്രപരമായ ദിവസം ഏറെ നാളത്തെ ശ്രമത്തിന്റെ ഫലമാണ് ഇത്” എന്ന് മോദി പ്രതികരിച്ചു.
കരാറിന്റെ അടിസ്ഥാനത്തിൽ, ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് തീരുവ ഒഴിവാകും. തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ, വാഹനപാർട്സ് തുടങ്ങിയവയുടെ നിലവിലുള്ള 4 മുതൽ 16 ശതമാനം വരെയുള്ള തീരുവ പൂർണ്ണമായും ഒഴിവാക്കും. ഇതിലൂടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ ആനുകൂല്യമാണ് ലഭിക്കുക.
ഇതിനുപകരമായി, ബ്രിട്ടനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ കുറയ്ക്കും. ലഗ്ജുറി കാറുകൾക്ക് നിലവിൽ 100 ശതമാനമായ ഇറക്കുമതിച്ചുങ്കം 10 ശതമാനമാക്കി കുറയ്ക്കും. എന്നാൽ ക്വോട്ട അടിസ്ഥാനത്തിലായിരിക്കും ഈ ഇളവ് ലഭിക്കുക. ആസ്റ്റൺ മാർട്ടിൻ, ജാഗ്വാർ ലാൻഡ് റോവർ പോലുള്ള ബ്രിട്ടീഷ് ഉത്പന്നങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കരാറിന്റെ ഭാഗമായി, ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ ബ്രിട്ടീഷ് വിപണിയിൽ പ്രവേശിക്കാൻ സാധ്യത ലഭിക്കും. ഇത് കൂടി ക്വോട്ടാ സംവിധാനത്തിനടിപ്പത്തിലായിരിക്കും.
വിദേശ സേവനദാതാക്കളായ യോഗ പരിശീലകർ, ഷെഫുമാർ, സംഗീതജ്ഞർ തുടങ്ങിയവർക്ക് ബ്രിട്ടനിൽ താൽക്കാലികമായി താമസിക്കാൻ അനുമതി ലഭിക്കും. ബിസിനസ് ആവശ്യങ്ങൾക്കായി സന്ദർശിക്കുന്നവർക്കും കരാറിന്റെ ഭാഗമായി ഇളവുകൾ ലഭ്യമാകും.
യുകെയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളും അവരുടെ തൊഴിലുടമകളും മൂന്ന് വർഷത്തേക്ക് യുകെയിലെ സാമൂഹിക സുരക്ഷാ വിഹിതം അടയ്ക്കുന്നതിൽ നിന്ന് ഒഴിവാകും.
കരാർ നിലവിൽ വന്നതോടെ, സ്കോച്ച് വിസ്കിയുടെ ഇറക്കുമതിച്ചുങ്കം 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കും. അടുത്ത ദശാബ്ദത്തിനുള്ളിൽ ഇത് 40 ശതമാനമായി കുറയും. അതേസമയം തന്ത്രപ്രധാനമല്ലാത്ത സർക്കാർ ടെൻഡറുകളിൽ ബ്രിട്ടീഷ് കമ്പനികൾക്കും പങ്കെടുക്കാൻ അനുമതി ലഭിക്കും. ഈ ടെൻഡറുകളുടെ പരിധി 200 കോടി രൂപയായിരിക്കും.
പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്റെ യുകെ സന്ദർശനത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അനുഗമിച്ചു. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ നാലാമത്തെ യുകെ സന്ദർശനമാണിത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

