പഴയങ്ങാടി: തമിഴ്നാട് സ്വദേശി താമസിക്കുന്ന ക്വാട്ടേർസിൽകയറി കത്തി കാണിച്ച് പണം ആവശ്യപ്പെട്ട് ആക്രമിക്കുകയും തടയാൻ ചെന്ന ക്വാട്ടേർസ് ഉടമയെ കത്തികൊണ്ടു കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെതിരെ പരാതിയിൽ കേസ്. പുതിയങ്ങാടി ചൂട്ടാട് സ്വദേശി ഇജാസിനെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 29 ന് രാത്രി 10.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പുതിയങ്ങാടി ചൂട്ടാട് മൊയ്തീൻ പള്ളിക്ക് സമീപം താമസിക്കുന്നഎസ്.വി. ഇക്ബാലിൻ്റെ ഉടമസ്ഥതയിലുള്ള വാടക ക്വാട്ടേർസിൽ താമസിക്കുന്ന രാമമൂർത്തിയെയാണ് പ്രതി ആക്രമിച്ചത്. സംഭവം കണ്ട് തടയാൻ ശ്രമിച്ച ഇക്ബാലിനെ പ്രതി കത്തികൊണ്ട് ഇടതു കണ്ണിനും താടിക്കും കുത്തി പരിക്കേൽപ്പിച്ചു. അക്രമത്തിൽ രാമമൂർത്തിക്ക് മുഖത്തും കണ്ണിനും പരിക്കേൽക്കുകയും ചെയ്തു. ക്വാട്ടേർസിലെ സാധനങ്ങൾ അടിച്ചു തകർത്തതിൽ 10,000 രൂപ നഷ്ടം സംഭവിക്കുകയും ചെയ്തുവെന്ന ക്വാട്ടേർസ് ഉടമ എസ് വി ഇക്ബാലിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
കത്തി കാണിച്ച് പണം ആവശ്യപ്പെട്ട് അക്രമം യുവാവിനെതിരെ കേസ്
