മണിക്കൂറുകളുടെ വ്യത്യാസത്തിൽ കണ്ണാടിപ്പറമ്പിൽ വേറിട്ട സൈക്കിൾ മോഷണങ്ങൾ

kpaonlinenews


കണ്ണാടിപ്പറമ്പ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ കണ്ണാടിപ്പറമ്പിൽ വിചിത്ര സൈക്കിൾ മോഷണ പരമ്പര. വാരം റോഡ് പെട്രോൾ പമ്പിനടുത്ത് താമസിക്കുന്ന എൻ.വി. ലതീഷിന്റെ വീട്ടിൽ വച്ചിരുന്ന ബേബി പിങ്ക് നിറത്തിലുള്ള സൈക്കിൾ (10/3/2025) തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും നാല് മണിക്കുമിടയിൽ എടുത്തു കൊണ്ട് പോവുകയും പകരം ഒരു പഴയ ചെറിയ സൈക്കിൾ ആ സ്ഥാനത്ത് കൊണ്ട് വയ്ക്കുകയും ചെയ്തതോടെയാണ് മോഷണം ആരംഭിക്കുന്നത്. എന്നാൽ, സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇതിനെ പറ്റി വിവരമറിയിച്ചപ്പോൾ മാലോട്ട് ശാദുലി പള്ളിക്കു സമീപം താമസിക്കുന്ന കെ.എം മാഹിറ, പകരംവച്ച സൈക്കിൾ അവരുടേതാണെന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിൽ എടുത്തു കൊണ്ട് പോയതാണെന്നും പകരം മറ്റൊരു സൈക്കിൾ വെച്ചിട്ടുണ്ടായിരുന്നുവെന്നും അറിയിച്ചു. അവരുടെ സൈക്കിൾ നഷ്ടപ്പെട്ട വിവരം അവരുടെ വാർഡ് ഗ്രൂപ്പിൽ അറിയിച്ചപ്പോൾ അതിനടുത്തായി താമസിക്കുന്ന ശ്രീധരൻ മേസ്ത്രിയുടെ വീട്ടിലെ സൈക്കളായിരുന്നു അതിനു പകരം അവിടെ വെച്ച പഴയ സൈക്കിൾ എന്നും കണ്ടെത്തി. വേറിട്ട സൈക്കിൾ മോഷണം നാട്ടുകാരെ അങ്കലാപ്പിൽ ആക്കിയിരിക്കുകയാണ്.
ലതീഷിന്റെ പരാതിയിൽ മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ഒരു വ്യക്തിയുടെ പ്രശ്നം എന്നതിലുപരി സമൂഹത്തിനാകെ ബാധിക്കുന്ന പ്രശ്നമായി കണ്ട് കുറ്റവാളികളെ കണ്ടെത്തെണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Share This Article
error: Content is protected !!