ഇനി മിന്നല്‍ പണിമുടക്കുണ്ടാകില്ല

kpaonlinenews

മയ്യില്‍- പുതിയതെരു റൂട്ടിലെ ബസ് സമരം ഒത്തു തീര്‍പ്പായി. 
 

 മയ്യില്‍:  വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ  കയ്യേറ്റത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പണിമുടക്ക് ഒത്തു തീര്‍പ്പായി.  മയ്യില്‍- പുതിയതെരു റൂട്ടിലെ  സ്വകാര്യ ബസ്സുകളാണ്  വെള്ളിയാഴ്ച മിന്നല്‍ പണിമുടക്ക് നടത്തിയത്. സംഭവത്തില്‍ പാവന്നൂര്‍മൊട്ട ഐ.ടി.എം. കോളജ് വിദ്യാര്‍ഥിയെ മര്‍ദ്ധിച്ച മുമ്മൂസ് ബസ് ഡ്രൈവര്‍ നൗഷാദി(25)നെതിരെയും  ബസ് ജീവനക്കാരെ വിദ്യാര്‍ഥികള്‍ മര്‍ദ്ധിച്ച സംഭവത്തില്‍ മുഹമ്മദ് അനീസിനെതിരെയും മയ്യില്‍ പോലീസ് കേസെടുത്തു.  മയ്യില്‍ പോലീസ് സ്‌റ്റേഷനില്‍  ബസ് തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 

 മയ്യില്‍ -പുതിയതെരു റൂട്ടില്‍ മിന്നല്‍ പണിമുടക്കുണ്ടാകില്ല 

നിസ്സാര കാരണത്തിന് ബസ് തൊഴിലാളികളുടെ നേതൃത്വത്തിലുണ്ടാകുന്ന മിന്നല്‍ പണി മുടക്ക് നടത്തില്ലെന്ന് ബസ് ജീവനക്കാര്‍ അംഗീകരിച്ചു. മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.സി. സഞ്ജയ്കുമാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ജീവനക്കാര്‍ മിന്നല്‍ പണി മുടക്ക് നടത്തില്ലെന്ന് തീരുമാനിച്ചത്.  ബസ്സുടമകള്‍ പോലുമറിയാതെയാണ് മയ്യില്‍- പുതിയതെരു റൂട്ടില്‍ ഇട്ടക്കിടെ മിന്നല്‍ പണിമുടക്കുകള്‍ നടത്തുന്നതെന്നും രണ്ട് ദിവസം മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കി അറിയിപ്പുണ്ടായാല്‍ മാത്രമേ പണി മുടക്ക് നടത്താനാകുകയുള്ളുവെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 

പണിമുടക്ക് നേരിടാന്‍ സംഘടനകള്‍ 

പണിമുടക്കിനെ നേരിടാന്‍ സുവജന സംഘടനകള്‍ രംഗത്തെത്തിയത് ആശ്വാസമായി.അധ്യാപക സംഘടനയായ കെ.എസ്.ടി.എ. , യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ. എന്നിവയാണ്  എസ്.എസ്.എല്‍.സി. ,ഹയര്‍ സെക്കന്‍ഡറി പരീക്ഷകളെ നേരിടാന്‍ ബദല്‍ സംവിധാനവുമായി രംഗത്തെത്തിയത്.  നിരവധി വിദ്യാര്‍ഥികള്‍ പണിമുടക്കുള്ള കാര്യം അറിയാതെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെത്തിലെത്തിയിരുന്നു.

മിന്നല്‍ പണിമുടക്ക് നിയമ വിരുദ്ധം. 

  വിദ്യാലയങ്ങളിലെ പരീക്ഷാ ദിവസങ്ങളില്‍  മയ്യില്‍ -പുതിയ തെരു റൂട്ടില്‍ മിന്നല്‍ പണി മുടക്ക് നടത്തിയത് നിയമ വിരുദ്ധമാണ്.  ഇത്തരം ആഹ്വാനം ചെയ്യുന്നത് നിരവധി യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കുന്നത്.   നിസ്സാര കാര്യങ്ങള്‍ പര്‍വതീകരിച്ച് പൊതു യാത്രാ സംവിധാനത്തെ നിര്‍ത്തിവെക്കുന്നത് അപഹാസ്യമാവുകയാണ്.
പി. കുഞ്ഞിരാമന്‍.
പ്രസിഡന്റ്, തനിമ സഹകരണ സൊസൈറ്റി. മയ്യില്‍. 

Share This Article
error: Content is protected !!