ആളുകളെ തട്ടിക്കൊണ്ടുപോയി പണം തട്ടുന്ന സംഘത്തിലെ പ്രധാന പ്രതി കണ്ണൂരിൽ അറസ്റ്റിൽ

kpaonlinenews

കണ്ണൂർ : കൃത്രിമ വാഹനാപകടങ്ങൾ ഉണ്ടാക്കി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ. അത്താഴക്കുന്ന് സ്വദേശി മജീഫി(29)നെയാണ് ചക്കരക്കൽ, മയ്യിൽ പോലീസും എ.സി.പി.യുടെ സ്ക്വാഡും ചേർന്ന് അറസ്റ്റുചെയ്തത്. കണ്ണൂരിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് പിടിയിലാകുന്നത്. ചേലേരി, ചക്കരക്കൽ എന്നിവിടങ്ങളിൽ വാഹനാപകടങ്ങൾ ഉണ്ടാക്കി ആളുകളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിലാണ് പ്രതി പിടിയിലാകുന്നത്.

ചക്കരക്കല്ല് അഞ്ചരക്കണ്ടി അമ്പനാട് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി എട്ടുലക്ഷം രൂപ കവർന്ന കേസിലെ പ്രധാന പ്രതിയാണ് മജീഫ്. എടയന്നൂർ സ്വദേശി മുരിക്കിൻചേരി സി.എം.മഹറൂഫിന്റെ പണമാണ് കവർന്നത്. ചാലോട് അഞ്ചരക്കണ്ടി റൂട്ടിൽ അമ്പനാട് വളവിൽവെച്ച് കാറിൽ എത്തിയ നാലുപേർ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നിരുന്നു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കാറിന്റെ നമ്പർ കണ്ടെത്തിയെങ്കിലും നമ്പർ വ്യാജമായിരുന്നു. സംഭവത്തിലെ മറ്റൊരു പ്രതി കൊറ്റാളി അത്താഴക്കുന്ന് സ്വദേശി പള്ളിയത്ത് ഹൗസിൽ പ്രസൂണി(32) നെ നേരത്തേ അറസ്റ്റ്‌ചെയ്തിരുന്നു.

Share This Article
error: Content is protected !!