പയ്യന്നൂർ: : വിമാനഭാഗം കയറ്റി വന്ന കൂറ്റൻ ട്രെയ്ലർ ഇടിച്ച് പയ്യന്നൂർ റെയിൽവേ മേൽപ്പാലത്തിന്റെ കൈവരി തകർന്നു. പാലത്തിൽ സ്ഥാപിച്ച വൈദ്യുതിദീപകാലുകളും തകർന്നു.
പയ്യന്നൂർ അഗ്നിരക്ഷാസേനയെത്തി മുൻകരുതലുകൾ സ്വീകരിച്ചു. ഇന്നലെ പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് വിമാനത്തിന്റെ ഭാഗങ്ങൾ കയറ്റി ഏഴിമല നാവിക അക്കാഡമിയിലേക്കു പോവുകയായിരുന്ന കൂറ്റൻ ട്രെയ്ലറാണ് അപകടമുണ്ടാക്കിയത്.
ഏഴിമല ഭാഗത്തേക്കുള്ള വളവ് തിരിയുന്നതിനിടയിൽ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ കൈവരിയാണു തകർത്തത്. ഒടിയാത്ത തൂണുകളും ഇളകിയ നിലയിലാണ്.
അപകടത്തെ തുടർന്ന് മേൽപ്പാലം വഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടിരുന്നു. തകർന്ന് തൂങ്ങിനിന്ന കൈവരി കാലുകൾ പയ്യന്നൂർ അഗ്നിരക്ഷാസേനയെത്തി മുറിച്ച് മാറ്റി. റിബൺ കെട്ടി അപകടസൂചന നൽകുന്ന മുന്നറിയിപ്പ് സ്ഥാപിച്ചു